തുറക്കില്ലെന്ന്‍ ഉറപ്പിച്ച്
അടച്ചു വെച്ച പുസ്തകം
ഒരു വെളിപാട്പോലെ ചെന്ന് തുറക്കും
എഴുതിവെച്ചതെല്ലാം മാഞ്ഞ്പോയി
അവിടെ തീരെ അപരിചിതമായ ലിപിയില്‍
എഴുതിവെക്കപ്പെട്ട പുതിയ നിന്നെ വായിക്കും
എത്ര വായിച്ചിട്ടും അര്‍ത്ഥം മനസ്സിലാവാതെ
ഏതെങ്കിലും വാക്കുകളുടെ രൂപത്തിലെങ്കിലും
ഞാനുണ്ടോ എന്ന്‍ തിരയും
എന്നെ കാണാഞ്ഞ് ഞാന്‍ ഇറങ്ങിപ്പോരും
നിന്നെ എഴുതിയ എന്റെ പുസ്തകം
തുറന്ന്‍ നോക്കും
ഒരക്ഷരം പോലും മാറ്റമില്ലാതെ നിന്നെ കാണും
അടച്ചുവെക്കുമ്പോള്‍ തുടച്ചു നീക്കുന്ന,
പരിണാമം സംഭവിക്കുന്ന
നിന്റെ ലിപികളുടെ അത്ഭുതം ഓര്‍ക്കും
ഒരക്ഷരം പോലും മായ്ക്കാനോ
തിരുത്തി എഴുതാനോ കഴിയാത്ത
മറ്റെല്ലാ ലിപിയും മറന്നുപോയ
എന്നെ പഴിക്കും
മൊഴി വേണ്ടാത്ത ലിപി വേണ്ടാത്ത
സങ്കടത്തിന്റെ കറുകറുത്ത
കാട്ടിലേക്ക് കുടിയേറി
ഞാന്‍ ആദിമമനുഷ്യനാവും
മഹാമൌനിയാവും..!!
No comments:
Post a Comment