Wednesday, February 17, 2016

അപ്പുറത്ത്

അപ്പുറത്ത് നീയുറക്കെ ചിരിക്കരുത്
അതിലൊരു ചിരിത്തുള്ളിയെന്നില്‍ വീണ്
ഞാന്‍ പുനര്‍ജനിച്ചാലോ..!!

ശ്വാസം

എന്റെ ശ്വാസം
നിന്നില്‍ വെച്ച് മറന്നതിനാല്‍
ഞാന്‍ മരിച്ച് പോയിരിക്കുന്നു..!!

മുറിവുകള്‍

നീ കൊട്ടിയടച്ച വാതിലിന്
മറുവശത്തുണ്ട് ഞാന്‍
മുറിവുകള്‍ തുന്നിയടച്ച ജനാലകള്‍
നിന്റെ ഓര്‍മകളുടെ ശീതക്കാറ്റ്കൊണ്ട്
പഴുക്കാതിരിക്കട്ടെ..!!

അത്രയ്ക്കും

നമ്മള്‍ അത്രയും ആത്മാര്‍ഥമായി
സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ
നമ്മളെ അത്രയ്ക്കും വേദനിപ്പിക്കാനാവൂ..!!

എന്റെ കവിത

നിന്റെ മൌനമാണ് എന്റെ കവിത

നിന്നെമാത്രം കാണുന്നത്

ഏത്
പൂവിനും പൂമ്പാറ്റയ്ക്കും
മഴയ്ക്കും മഴവില്ലിനും
അടുത്ത് നീ നിന്നാലും
നിന്നെയല്ലാതെന്‍ കണ്ണ്‍
കാണുകില്ല മറ്റൊന്നും

മഴ

ആകാശക്കൈകളില്‍ നിന്ന്‍
പിടിവിട്ട് പോവുന്ന വിഷാദങ്ങളാവും
മേഘമായി ഉരുണ്ട് കൂടുന്നതും
പിന്നീട് മഴയായി പെയ്യുന്നതും

അത് കൊണ്ട് തന്നെയാവും
മഴപെയ്യുമ്പോഴെല്ലാം ഓര്‍മകളില്‍
ഒരു വേദനക്കീറ് ചോരപൊടിക്കുന്നത്

എന്റെ ചിരി

എന്റെ ചിരിയെടുത്ത് പോയി
നിന്റെചിരിയില്‍ ചേര്‍ത്ത്
ഇങ്ങിനെ ഉച്ചത്തില്‍
ചിരിക്കാനായിരുന്നുവെങ്കില്‍
എന്റെ ചിരി മരിച്ചിട്ടില്ല
എന്നാശ്വസിക്കുന്നു ഞാന്‍

ഇറങ്ങിപ്പോവുമ്പോള്‍

ഇറങ്ങിപ്പോവുമ്പോള്‍
നീ ശബ്ദമുണ്ടാക്കാതെ
ഒരടയാളവും ബാക്കിവെക്കാതെ
നീ ഉണ്ടായിരുന്നു എന്ന്‍ പോലും തോന്നിപ്പിക്കാതെ
എന്നിലെ നിന്നെ കൊന്നിട്ട് പോണം..!!

വന്‍കരകള്‍

നമ്മള്‍ രണ്ട് വന്‍കരകള്‍
ഒന്നൊന്നിനോട് അടുത്താല്‍
ഭൂചലനം ഉണ്ടാവുന്നത്..!!

നിന്നെ തിരയുമ്പോള്‍

തുറക്കില്ലെന്ന്‍ ഉറപ്പിച്ച്
അടച്ചു വെച്ച പുസ്തകം
ഒരു വെളിപാട്പോലെ ചെന്ന് തുറക്കും

എഴുതിവെച്ചതെല്ലാം മാഞ്ഞ്പോയി
അവിടെ തീരെ അപരിചിതമായ ലിപിയില്‍
എഴുതിവെക്കപ്പെട്ട പുതിയ നിന്നെ വായിക്കും
എത്ര വായിച്ചിട്ടും അര്‍ത്ഥം മനസ്സിലാവാതെ
ഏതെങ്കിലും വാക്കുകളുടെ രൂപത്തിലെങ്കിലും
ഞാനുണ്ടോ എന്ന്‍ തിരയും
എന്നെ കാണാഞ്ഞ് ഞാന്‍ ഇറങ്ങിപ്പോരും

നിന്നെ എഴുതിയ എന്റെ പുസ്തകം
തുറന്ന്‍ നോക്കും
ഒരക്ഷരം പോലും മാറ്റമില്ലാതെ നിന്നെ കാണും
അടച്ചുവെക്കുമ്പോള്‍ തുടച്ചു നീക്കുന്ന,
പരിണാമം സംഭവിക്കുന്ന
നിന്റെ ലിപികളുടെ അത്ഭുതം ഓര്‍ക്കും

ഒരക്ഷരം പോലും മായ്ക്കാനോ
തിരുത്തി എഴുതാനോ കഴിയാത്ത
മറ്റെല്ലാ ലിപിയും മറന്നുപോയ
എന്നെ പഴിക്കും
മൊഴി വേണ്ടാത്ത ലിപി വേണ്ടാത്ത
സങ്കടത്തിന്റെ കറുകറുത്ത
കാട്ടിലേക്ക് കുടിയേറി
ഞാന്‍ ആദിമമനുഷ്യനാവും
മഹാമൌനിയാവും..!!

ഉറങ്ങുമ്പോള്‍

ഉറങ്ങുമ്പോള്‍
എത്ര അകറ്റി കിടത്തിയാലും
ഉണരുമ്പോള്‍ എങ്ങിനെയാണ്
നീയെന്‍റെകൂടെ ഉണരുന്നത്..!!

എന്റെ ചിരി

ഉപേക്ഷിച്ച് പോവുമ്പോള്‍
എന്റെ ചിരി തിരികെ തരാന്‍
നീ മറന്നിരിക്കുന്നു..!!

എഡിറ്റ്‌ ചെയ്യാന്‍

ഓര്‍മകളെ ആവശ്യാനുസരണം
എഡിറ്റ്‌ ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍
നമ്മള്‍ വെറും നമ്മളായിരുന്ന
കാലം വരെയുള്ളത് മാത്രം നിര്‍ത്തി
ബാക്കിയെല്ലാം ഞാന്‍ ഡിലീറ്റ് ചെയ്യുമായിരുന്നു...!!

നീ പോയതില്‍ പിന്നെ

നീ പോയതില്‍ പിന്നെ
ജനാലകളോ വാതിലോ ഇല്ലാത്ത
ഒരൊറ്റമുറിയാവുന്നു ഞാന്‍

രാവ് മുഴുവന്‍
ഓര്‍മകളുടെ തീ കാറ്റേറ്റ്
ഇടത്തെ ചുമരില്‍
ഒരു വാതില്‍വിടവ് പൊള്ളിയകലും
ആ പഴുതിലൂടെ നീ വീശാന്‍ തുടങ്ങും
പിന്നെ മുറി മുഴവന്‍ നീയാവും

പകലിലേക്ക് ഞാന്‍
മരിച്ച് വീഴുമ്പോള്‍
വേദനമാത്രം ബാക്കിയായി
വാതില്‍ പഴുത് മുറികൂടിയിരിക്കും
നീ ഇറങ്ങിപ്പോയിട്ടുണ്ടാവും
എനിക്ക് ഞാന്‍ മാത്രമായിട്ടുണ്ടാവും

ഞാന്‍ ശൂന്യമായ ഒരൊറ്റമുറിയാവും..!!

പ്രണയം

അത്രമേല്‍ വേദനിക്കുന്ന സ്നേഹമാണ് പ്രണയം

വിളഞ്ഞത്

വിതച്ചതെല്ലാം പൂക്കളായിരുന്നു
വിളഞ്ഞത് മുഴുവന്‍ വേദനകള്‍

അകലം

തൊട്ടടുത്ത് നില്‍ക്കുമ്പോള്‍
നമ്മള്‍ തമ്മിലുള്ള അകലം
മൌനത്തിന്റെ ഒരു കടലാഴമാവുന്നു..!!

ബാക്കി

ഇനിയും വഴിതെറ്റി
നീ വരാനില്ലാത്ത വഴിയില്‍
ഞാനിപ്പോഴും ബാക്കിയാണ്..

അവിചാരിതമായി ഒരു മഴ

അവിചാരിതമായി ഒരു മഴ,
പൊള്ളുന്ന വേനലിലേക്ക്
ഒന്ന്‍ നനയാന്‍ പോലും പെയ്യാതെ
ഉള്ളുരുക്കം കൂട്ടി ചാറിപ്പോയി

മൌനമായിരിക്കുക എന്നത്

ഒരുപാട് പറയാനുണ്ടാവുമ്പോള്‍
മൌനമായിരിക്കുക എന്നത്
സംഭരണ പരിധിയേക്കാള്‍
ജലനിരപ്പുയര്‍ന്ന അണക്കെട്ട്പോലെ
മന:സംഘര്‍ഷപരിതമാണ്

നോവോര്‍മകളേ.

ഇലഞരമ്പുകള്‍ പോലും
പിളര്‍ന്നടരും വിധത്തില്‍
നീയെന്നെയിങ്ങിനെ
പിടിച്ചുലയ്ക്കാതെയെന്റെ
നോവോര്‍മകളേ..!!

ഞാനെന്റെ ഉള്ളില്‍ തന്നെ തനിച്ചാവുന്നു..!

ഇപ്പോള്‍ നീ വരുമ്പോഴേക്കും
ഞാന്‍ എന്നില്‍ കയറി കതകടക്കും
എന്നിട്ടും മേല്‍കൂരമുറിവിലൂടെ
ഒരോര്‍മത്തുള്ളി ചോരും
അതെന്റെ നെറുകില്‍ വീഴും
ഞാന്‍ ആസിഡെന്നപോലെ പൊള്ളും
ഞരമ്പുകള്‍ തോറും നോവ്‌ ചാറും
നീ പാകിപ്പോയ ആ മുള്ളുകള്‍ ചങ്കിലുടക്കും
ഞാന്‍ എന്നോട് തന്നെ കരയും
ഞാന്‍ എന്നെ തന്നെ പഴിക്കും

നീ പോയിട്ടും കതകാരോ തുറന്നിട്ടും
ഞാനെന്റെ ഉള്ളില്‍ തന്നെ തനിച്ചാവുന്നു..!

സങ്കടമേഘങ്ങള്‍

ഇരുട്ട് മൂടി ആര്‍ത്തലച്ച്
പെയ്തേക്കാമെന്ന സങ്കടമേഘങ്ങള്‍
പെയ്യാതെയുറയുന്നു
അവ നിന്നെവരയ്കയാല്‍..!!

ഞരമ്പുകള്‍

ഞരമ്പുകള്‍ പുഴകള്‍
ചേരാന്‍ ഒരു കടലില്ലാത്ത
ചുവന്ന ഉപ്പ്നോവിന്‍റെ തുള്ളികള്‍

സത്യാഗ്രഹം

ഒന്ന് കണ്ണടയ്ക്കുമ്പോഴേക്കും
കിനാവിന്റെ പടിക്കൽ വന്നിങ്ങിനെ
സത്യഗ്രഹമിരിക്കാൻ
ഞാൻ നിന്നെ ഇറക്കിവിട്ടതല്ലല്ലോ..!!

നോവുകള്‍

എനിക്കെന്റെ നോവുകള്‍ മാത്രം തരിക
ഞാനവയാവോളം കുടിച്ച് ജീവിക്കട്ടെ..!!

പ്രണയം

ജീവനോടെ മരിച്ച ഒരാത്മാവാണെന്റെ പ്രണയം

ആഘാദം

നിന്നെ കാണുമ്പോഴേക്കും
ആഘാദമേല്‍ക്കാന്‍ തക്കവണ്ണം
ചാലകമായി ഏത് ലോഹമാണ്
നീ എന്നില്‍ നിക്ഷേപിച്ച് പോയത്..!!

നുണ

നീ പറയുന്ന ചില സത്യങ്ങള്‍
നുണയെന്ന്‍ കരുതാനാണ്‌ എനിക്കിഷ്ടം

അനുകരണം

മാനസിക ചോദനകള്‍ക്ക്
ലോകത്തെവിടെയെങ്കിലും
അനുകരണം ലഭ്യമാകുമായിരുന്നെങ്കില്‍
നിന്നെപോലെ ഒരു നിന്നെ
ഞാനെന്നേ സ്വന്തമാക്കുമായിരുന്നു..!!

ശരശയ്യ

നിന്റെ സ്മരണകളുടെ
ശരശയ്യയില്‍ ഞാന്‍
മൃത്യുകാത്ത് കിടക്കുന്നു

ഒരോര്‍മക്കടലാസ്

നീ നനഞ്ഞ ഒരോര്‍മക്കടലാസ്
ഞാനെത്ര മണ്ണില്‍ ഉപേക്ഷിച്ചിട്ടും
മറവിയുടെ ചിതലരിക്കാത്ത അത്ഭുതം..!!

വ്യര്‍ഥം

കോട്ടകള്‍
കാവല്‍ക്കാര്‍
കിടങ്ങുകള്‍
പീരങ്കികള്‍
തുരങ്കങ്ങള്‍

എന്റെ ഹൃദയത്തില്‍ നിന്നൊളിക്കാന്‍
നിനക്ക് വ്യര്‍ത്ഥമേതുരുക്ക് കവചം പോലും... !!

പകരം വീട്ടുന്നു..!!

പിണങ്ങുമ്പോള്‍ നീ പറയുന്ന
ഓരോ കുത്തുവാക്കുകളിലും
പൊള്ളിപ്പിടയുമ്പോള്‍ പോലും
ഞാന്‍ നിന്നെ സ്നേഹിക്കാതിരുന്നിട്ടില്ല

നീ പകര്‍ന്ന ഓരോ മുറിവുകള്‍ക്കും
നീ അതില്‍ പുരട്ടുന്ന എരിവുകള്‍ക്കും
അത്രയും അത്രയും നിന്നെ സ്നേഹിച്ച്
ഞാന്‍ പകരം വീട്ടുന്നു..!!

മുനയുള്ള ഓര്‍മകള്‍

നീ വന്ന്‍ ജാലകം തുറക്കായ്കയാല്‍
ഉണരാതിരുന്നിരുന്നു എന്റെ പകലുകള്‍
നീ പോവുമ്പോള്‍ കതക് ചരായ്കയാല്‍
ഉറങ്ങാതിരുന്നിരുന്നു എന്റെ രാത്രികള്‍


ഞാനിപ്പോള്‍ ഉറക്കത്തിലെല്ലാം ഉണര്‍ന്നിരിക്കുന്നു..!!

ഉറങ്ങാതെ ഉണര്‍ന്ന്‍

നീ വന്ന്‍ ജാലകം തുറക്കായ്കയാല്‍
ഉണരാതിരുന്നിരുന്നു എന്റെ പകലുകള്‍
നീ പോവുമ്പോള്‍ കതക് ചരായ്കയാല്‍
ഉറങ്ങാതിരുന്നിരുന്നു എന്റെ രാത്രികള്‍


ഞാനിപ്പോള്‍ ഉറക്കത്തിലെല്ലാം ഉണര്‍ന്നിരിക്കുന്നു..!!

സ്വപ്നങ്ങള്‍

നീ വിലക്കേര്‍പ്പെടുത്തിയതറിയാതെ
സ്വപ്‌നങ്ങള്‍ ഇന്നലെയും
അതിരുകള്‍ക്കിപ്പുറത്ത് പൂവിട്ടു..!!

നീയും ഞാനും

നീ മഴ
ഞാന്‍ മരം
നീ പെയ്ത് പോയിട്ടും
ഞാന്‍ തോരാതെയിരിക്കുന്നു..!!

ഞാന്‍

വരികളില്‍ നിന്ന്‍ നീ
ഇറങ്ങിപ്പോയത്തില്‍ പിന്നെ
ഞാന്‍ മുഴുമിപ്പിക്കാനാവാത്ത
ഒരൊറ്റവരിക്കവിതയായി..!!

വേദന

നിന്റെ വാക്കുകള്‍കൊണ്ട്
ഞാന്‍ മുറിഞ്ഞതേയില്ലായിരുന്നു.
ഇപ്പോള്‍ ഇളക്കി മാറ്റാനാവാതെ
അതിന്റെ മുനകള്‍ ഹൃദയത്തില്‍
ചോര പൊടിക്കുന്നു
മരണത്തോളം ഞാന്‍ വേദനിക്കുന്നു.

അപരിചിതര്‍

അത്രയും രണ്ട് പരിചിതര്‍ക്കേ
അത്രയ്ക്കും രണ്ടപരിചിതരാവാന്‍ കഴിയൂ..!!

ഒരോര്‍മ മരം

നീ എന്ന വേദനയുടെ അത്രയും
ആഴത്തില്‍ വേരാഴ്ത്തി
ഒരോര്‍മ മരം മുളച്ച് വരും
അതില്‍ എന്റെ മുറിവുകള്‍ പൂക്കും...!!

പുഴ

മഞ്ഞുപുതച്ച് ഒരു പുഴ
നേരം പുലര്‍ന്നതറിയാതെ
വെയില്‍ കായുന്നു..

ക്ഷമ

ക്ഷമ,
ചിന്തകളുടെ ഡയാലിസിസ്
ദിവസങ്ങളോളം നടത്തിയും
ഒരിറ്റ് പോലും തെളിയാത്ത
എന്റെ മനോവിചാരങ്ങളോട്..!!

തിരികെ വിളിക്കുന്ന പ്രണയങ്ങള്‍

ഇടയിലേതോ സ്റ്റേഷനില്‍
ഇറങ്ങിപ്പോയ പ്രണയത്തെ
ഒരു തീവണ്ടി ചൂളംവിളിച്ച്
തിരികെ വിളിക്കുന്നു..!!

അകമേയുള്ള മുറിവുകള്‍

കണ്ണുകള്‍ ഉള്ളിലേക്ക്
പെയ്യുന്നതിനാല്‍
അകമേയുള്ള മുറിവുകള്‍
ഉണങ്ങുന്നേയില്ല..!!

രക്തപുഷ്പങ്ങള്‍

ഇനിയെന്‍റെ ഹൃദയത്തില്‍
നീ ചാലുകീറിയ മുറിപ്പാടുകള്‍ തോറും
രക്തപുഷ്പങ്ങള്‍ പൂക്കുന്ന ചെടികള്‍ നടണം
ഞരമ്പുകള്‍ തോറും വേരിറങ്ങി
എന്റെ രക്തം കുടിച്ച് പൂക്കാന്‍..!!

ഞാന്‍ മാത്രം

നിന്റെ പരമാധികാരത്തിന്റെ
വേലിക്കെട്ടുകള്‍ക്കുള്ളില്‍ ഞാന്‍
മരിച്ചു പോയിരിക്കുന്നു..
ഞാന്‍ നൊന്തു പെറ്റ കവിതക്കുഞ്ഞുങ്ങളെ
ഞാന്‍ കഴുത്തറുത്ത് കൊന്നിരിക്കുന്നു.


അതിരുകള്‍ക്കപ്പുറം
ഞാന്‍ ഞാന്‍ ഞാന്‍ മാത്രം

പിരിഞ്ഞു പോവുക എന്നത്

പിരിഞ്ഞു പോവുക എന്നത്
ഒരവസാനമല്ല തുടക്കമാണ്
നിശ്ചലമായ ഹൃദയവും പേറി
മുറിപ്പാടുകളിലൂടെയുള്ള യാത്ര..!!

പകരം

നിന്റെ എന്റെയും
വിരലടയാളത്തിന്റെ
സൂക്ഷ്മതപോലെ
നിനക്ക് പകരം ഒരു നീയോ
എനിക്ക് പകരം ഒരു ഞാനോ
ഈ ലോകത്ത് പിറക്കുകയേയില്ല..!!

Thursday, February 11, 2016

ചഷകം

എന്റെ പ്രണയ പാനപാത്രം നിറയെ
നീ ചഷകം കോരി നിറയ്ക്കുക
മധുവെന്നോളം അത്
പാനം ചെയ്ത് പാനം ചെയ്ത്
എനിക്ക് നിന്റെ കാല്‍കീഴില്‍ മരിച്ച് വീഴണം..!!

അത്ഭുതം

മരിച്ചാല്‍ പോലും എന്നെ
വന്ന്‍ കാണാന്‍ സാധ്യതയില്ലാത്ത
നിന്നെ അത്രയ്ക്കത്രയും സ്നേഹിക്കുന്നു
എന്നതിന്‍ മീതെ എന്ത് ലോകാത്ഭുതമാണുള്ളത്..!!

ചെമ്പകം

വാക്കുകള്‍ പൂക്കാന്‍ പാകത്തില്‍
ഹൃദയത്തില്‍ ആഴത്തില്‍
നീ എപ്പോഴായിരുന്നു ഈ ചെമ്പകം നട്ടത്...!!

ഓര്‍മയുറുമ്പുകള്‍

നീ എന്നെഴുതുമ്പോഴെല്ലാം
ഏത് ഉറുമ്പ്‌ മാളങ്ങളില്‍ നിന്നാണ്
ഓര്‍മകളിങ്ങിനെ വരിയായി ഹാജരാവുന്നത്..!!

ഒറ്റവരിയായത്

എന്റെ കവിതയുടെ
മൂന്നാമത്തെ വരിയില്‍ നിന്നാണ്
നിന്നെ കാണാതായത്

പിന്നീട് രണ്ടാം വരിയും
നിന്റെ കൂടെ പോയാതോടെ
ഞാന്‍ ഒരൊറ്റവരിക്കവിതയായി..!!

ഋതു

നീ ഋതു
ഞാന്‍ പ്രകൃതി
നീ എന്നില്‍ നിന്റെ വികാരങ്ങള്‍
പകര്‍ത്തിക്കൊണ്ടേയിരിക്കുന്നു..!

നദി

നീ നദി
ഞാന്‍ മരം
നീ മെലിയുമ്പോഴെല്ലാം
ഞാന്‍ ഉണങ്ങുന്നു..!!

തീരം

നീ എന്ന്‍ കേള്‍ക്കുമ്പോഴൊക്കെ
ഞാനൊരു കടലാവും നീ കരയും
എത്തിപ്പിടിക്കാന്‍ ഞാന്‍ തിരയാവും
നനയാതിരിക്കാന്‍ നീ അതിരോളം തീരമാവും

ഹൈഡ്രജന്‍ ബലൂണ്‍

നിന്റെ ഓര്‍മകള്‍ കൊണ്ട് നിറഞ്ഞ
ഹൈഡ്രജന്‍ ബലൂണാവുന്നു ഞാന്‍

അതിരുകളില്ലാത്ത ആകാശത്തില്‍
ഞാന്‍ സ്വതന്ത്ര സഞ്ചാരത്തിലാണ്

മൌനത്തിന്‍റെ പരിച

വാക്കിന്‍റെ വാളിനേക്കാള്‍
ശക്തമാണ് നിന്റെ
മൌനത്തിന്‍റെ പരിച

ഇടനെഞ്ച്

അനിര്‍വചനീയമായ
നോവുകള്‍ പൂക്കുന്ന
ഹൃദയത്തിലെ ഒരിടം

ക്ഷമ

ക്ഷമിക്കണം സഖീ,
എന്നെ തൂക്കിക്കൊന്നേക്കുക
സ്വപ്നം കാണരുതെന്ന തിട്ടൂരം തെറ്റിച്ച്
ഞാന്‍ ഭവതിയെ എന്നും സ്വപ്നം കാണുന്നു..!!

നിര്‍വികാരത,

നിര്‍വികാരത,
അടിയൊഴുക്കുള്ള കടലിന്റെ
മുകള്‍ പരപ്പിലെ ശാന്തതയാണ്

ബലൂണ്‍

നീ നിറഞ്ഞ് നിറഞ്ഞ്
പൊട്ടിപ്പോയേക്കാവുന്ന
ബലൂണായി ഞാന്‍

തെരുവില്‍

ഇനിയീ തെരുവില്‍
അക്ഷരങ്ങള്‍ ഗളമറ്റ് വീഴും
ചങ്കില്‍ പാകിയ മൌനവിത്തുകളെല്ലാം
ഭൂമിയില്‍ കൊഴിയും, മുളയ്ക്കും
ഇനി നീ വരുമ്പോള്‍ അവയോട് സംവദിക്കുക്ക..!!

മേല്‍ക്കൂര

തോരാതെ നീ പെയ്യുമ്പോഴെല്ലാം
എന്റെ മേല്‍ക്കൂര കാറ്റെടുക്കുന്നു..!!

അതിരുകളിലേക്ക്

നിന്റെ അരുതായ്കയുടെ
അതിരുകളിലേക്ക് പടരുന്നു
എന്റെ അനിയന്ത്രിത വള്ളികള്‍

മോഹഭംഗങ്ങള്‍

മോഹഭംഗങ്ങളെ വാരിയെടുത്തോടുന്നു..
വീണു പോവാതിരുന്നാല്‍ മതിയായിരുന്നു..!!

കണ്ണ്‍

നീ നിറഞ്ഞും
തുളുമ്പാതെ കണ്ണേ..!!

ഭൂചലനം

നീ ഹൃദയത്തില്‍ ആഴത്തില്‍
മുളപൊട്ടുന്ന ഭൂചലനമാണ്

മറവി

ദിനേന ദിനചര്യപോലും
മറന്നുപോവുന്നൊരു ഞാന്‍,
ഇനിയും നിന്നെ മറക്കുന്നില്ലല്ലോ..!!

വാക്ക്

മഴ പെയ്യുമ്പോഴെല്ലാം
ഞാന്‍ ഭൂമിയില്‍ തിരയാറുണ്ട്
നിന്‍റെ മൌനം മുളച്ച്
വാക്കായ ഒരുചെടിയെങ്കിലും

മഴ

ഒരൊറ്റ മഴയില്‍
ഒരായുസ്സ് മുഴുവന്‍ നനയുന്നു

ഇരുട്ട്

ഇരുട്ട്
ഒരൊറ്റ നിറത്തില്‍ ചായം തേച്ച
എന്റെ സങ്കടത്തിന്റെ ചുമരാണ്

ഞാനിപ്പോള്‍ ഇരുട്ടിനുള്ളിനാണ്

സ്മശാനം

നമ്മള്‍ ആശയങ്ങള്‍ പങ്കുവെച്ചിരുന്ന
തെരുവിലെ പൂന്തോട്ടമിപ്പോള്‍
ഒരു സ്മശാനമായിരിക്കുന്നു

മൌനത്തിന്റെ വാള്‍ത്തലയേറ്റ് മരിച്ച
വാക്കുകളുടെ ചുടലപ്പറമ്പ്..!!

ഹൃദയകമ്പനങ്ങള്‍

ഹൃദയ കമ്പനങ്ങള്‍ക്ക്
ദൂരപരിധിയില്ലാത്ത കാലത്തോളം
നിനക്ക് നിന്റെ ചുണ്ടുകളെ മാത്രമേ
മൂടി വെക്കാനാവൂ

സ്വപ്‌നങ്ങള്‍

ക്ഷമിക്കണം
എന്റെ സ്വപ്നങ്ങള്‍ ഇന്നലെ
വഴിതെറ്റി നിന്റെ വാതിലില്‍ വന്നിരുന്നു.
നീ ഉറങ്ങാതിരുന്നതിനാല്‍
കയറാനാവാതെ തിരിച്ച് പോന്നു

ശ്വാസകാണിക

ശ്വാസോച്ഛ്വാസങ്ങളില്‍
ഏത് കണികയുടെ കൂടെയാണ്
നീ ഓരോ നിമിഷവും
കയറി ഇറങ്ങുന്നത്

എത്ര ശ്വസിച്ചാലും
തികയാത്ത ഓക്സിജനായി
നീ രൂപാന്തരപ്പെട്ടിരിക്കുന്നു.

വൈദ്യുതപ്രവാഹം

നീ എന്ന്‍ മിന്നുമ്പോഴെല്ലാം
ഒരു വൈദ്യുതപ്രവാഹം
പെരുവിരലില്‍ നിന്ന്‍
തലച്ചോറിലേക്ക് പ്രവഹിക്കുന്നു.


ഞാന്‍ നീയെന്ന വൈദ്യുതിയുടെ അതിചാലകമാണ്..!!!

ഓര്‍മക്കാറ്റ്

എന്‍റെ വിരഹത്തിന്‍റെ
നോവുപാടങ്ങളില്‍
താനേ പൊടിഞ്ഞ മുറിവുകളില്‍
നിന്റെ ഓര്‍മകളുടെ നനഞ്ഞ കാറ്റേറ്റ്
പിടയുന്നിതെപ്പോഴും ഞാന്‍

ഒരിടം

അത്രയും ശൂന്യമാക്കപ്പെട്ട
ഹൃദയത്തിലെ ഒരിടം

പരീക്ഷ

നീ എന്നെഴുതുമ്പോള്‍
തോറ്റ് പോവുന്നൊരു
പരീക്ഷയാണ് ഞാന്‍

വാക്കുകളുടെ താക്കോല്‍

വാക്കുകളെയാകെ
വിഴുങ്ങിക്കളയാന്‍
നിന്റെ മൌനത്തിനാവുന്നു

നീ എന്റെ വാക്കുകളുടെ താക്കോലാണ്

ദൂരം

ഇനിയുമെത്ര ദൂരം
മാറി നില്‍ക്കണം ഞാന്‍
എന്നില്‍ ഞാന്‍ കൊളുത്തിയ
നീയാം തിരിയൊന്നണയുവാന്‍

ഭ്രാന്തന്‍

നീ എന്ന മരുഭൂവില്‍
മരുപ്പച്ച തേടിയിറങ്ങിയ
ഇടയനാണ് ഞാന്‍

ആട്ടിന്‍ പറ്റങ്ങളാല്‍
ഉപേക്ഷിക്കപ്പെട്ട്
തിരിച്ച് നടക്കാന്‍
വഴികള്‍ പോലും മായ്ക്കപ്പെട്ട്
ഒറ്റക്കായൊരു ഭ്രാന്തന്‍

സഞ്ചാരി

നീ എന്ന ദ്വീപില്‍ ഒറ്റപ്പെട്ട
സഞ്ചാരിയാണ് ഞാന്‍

മുറിവുകള്‍

നീ പിഴുതെടുത്തുപോയ
ചെമ്പകത്തൈ വേരുമുറിവുകള്‍
ഉണങ്ങാതിന്നും തായ് വേര് തേടുന്നു

കാട്

നീ നടന്ന്‍ തീര്‍ത്തതും
ഇപ്പോള്‍ ഉപേക്ഷിച്ചതുമായ
വഴി നീളെ കാട് പൂത്തിരിക്കുന്നു
കറുത്ത സങ്കടത്തിന്റെ കാട്

അകക്കാഴ്ചകള്‍

പുറം കാഴ്ചകളില്‍ നിന്ന്‍
മുഖംതിരിക്കാം
അകക്കാഴ്ചകളില്‍ നിന്ന്‍
മനം തിരിക്കാനാവില്ലല്ലോ

തോന്നല്‍

വെറും തോന്നലെന്ന്‍ ഉറപ്പുള്ള
തോന്നലുകളായിട്ടുപോലും
തോന്നാതിരിക്കാന്‍ തോന്നാത്ത
ഒരു തോന്നലാണ് നീ

Monday, February 8, 2016

വേവുന്ന മൌനം

വാക്കിന്‍റെ കനലിനാല്‍
പൊള്ളുന്നതിനും മീതെ
വാക്കില്ലാ മൌനത്താല്‍
വെന്ത്പോവുന്നു..!!

മൌനം

മൌനം,
ശബ്ദമില്ലാത്ത ഹൃദയ ഭാഷണമാണ്

സ്നേഹ ദൂരങ്ങള്‍

ഓരോ സ്നേഹവാക്കിനും
എത്ര അകലമാണ് നീ സൂക്ഷിക്കുക
ഒടുവില്‍ ഭൂമിയെ ചുറ്റി നീയെന്‍റെ
അത്രയും അടുത്താവുമായിരിക്കും

പുനര്‍ജനി

എത്രയോകാതം പിന്നിലേക്ക്
മരിച്ചു വീണിരിക്കുന്നു
ഇനി ആദ്യം ജനിക്കണം

ഒഴുകിപ്പോവാതെ

ഞാൻ അപ്പഴേ പറഞ്ഞതായിരുന്നു
ഒരു മലവെള്ളപ്പാച്ചിലിലും
നീ ഒലിച്ച് പോവില്ലെന്ന്
ഒരരികത്ത് ബാക്കിയാവുന്നിപ്പോഴും നീ

ബാക്കിയാവുന്ന നീ

നിന്‍റെ രഥം പൂട്ടിയ കുതിരകള്‍
വഴിതെറ്റിയെങ്കിലും
നിനക്ക് ഞാന്‍ ചുമരെഴുതിയ
തെരുവിലൂടെ വരാനിടയായാല്‍
നീ അശ്വവേഗം കുറയ്ക്കുക
എന്റെ അക്ഷരങ്ങളില്‍ നിന്നും
ബാക്കിയുള്ള നിന്നെ പറിച്ചെടുത്ത്കൊള്‍ക


നിനക്ക് വെറുമൊരു ഞാനും
എനിക്ക് വെറുമൊരു നീയും മാത്രം
ബാക്കിയാവട്ടെ..!!

ഇല്ലാതാവാന്‍

നീ എന്ന ഒന്നില്ലെന്നും
നീ ഉണ്ടായിരുന്നില്ലെനും
നീ ഇനി ഒരിക്കലും ഉണ്ടാവില്ലെന്നും
ഞാനെന്നോട് ആണയിടുന്നു

മിണ്ടാട്ടം

നീ മിണ്ടാതിരിക്കുമ്പോഴാണ്
ഞാന്‍ മിണ്ടിക്കൊണ്ടേയിരിക്കുന്നത്.

ഭ്രാന്തന്‍

വിജനമായ തീരത്ത്
തിരതിന്ന്‍ തീര്‍ക്കുന്ന
അക്ഷരങ്ങള്‍ക്ക്മേല്‍
സ്വപ്‌നങ്ങള്‍ വരയ്ക്കുന്നു
ഞാനെന്ന ഭ്രാന്തന്‍..!!

ജപ്തി

മുതലും പലിശയും
അടച്ച് തീര്‍ത്തിട്ടും
പഴയ പ്രണയകടങ്ങളെല്ലാം
ജപ്തി ഭീഷണി മുഴക്കുന്നു..!!

നീ പെയ്തത്‌

മഴ തോര്‍ന്നു
വേനല്‍ പൊള്ളുന്നു
എന്നിട്ടും നനവ് മാഞ്ഞിട്ടില്ല

വേലി

അരുതുകളുടെ അതിരുകളില്‍
ഞാന്‍ വേലി കെട്ടുന്നു

നുണകള്‍

നീയും ഞാനും രണ്ട് നുണകള്‍
എത്ര നുണഞ്ഞാലും
അലിയാത്ത കയ്പ്പുകള്‍