Sunday, October 2, 2016

സെപ്തംബര്‍ വസന്തത്തില്‍ പൂത്തത്

കാത്തിരുന്ന്
കാത്തിരുന്ന്
നീ വരായ്കയാല്‍
നിന്നെ ഞാന്‍
മറന്ന് പോവുമെന്ന്‌...
കിനാവ്‌ കണ്ട അന്നുമുതലാണ്
ഞാന്‍ എന്നെ മറന്നുപോയതും
നിന്നെ മാത്രം ഓര്‍ത്തിരിക്കുന്നതും..!!
                     ************
മിണ്ടുമ്പോള്‍ പറയുന്ന
വാക്കുകളേക്കാള്‍ കനമുണ്ട്
മിണ്ടാതെ പോവുന്ന മൌനങ്ങള്‍ക്ക്
                     ************
നിന്നെ തടഞ്ഞിട്ടെനിക്ക് കണ്ണ് കാണുന്നില്ല..!!
                     ************
ക്ഷമിക്കണം,
എന്റെ സ്വപ്നങ്ങള്‍ ഇന്നലെ
വഴിതെറ്റി നിന്റെ വാതിലില്‍ വന്നിരുന്നു.
നീ ഉറങ്ങാതിരുന്നതിനാല്‍
കയറാനാവാതെ തിരിച്ച് പോന്നു..!!
                     ************
നീ എന്നൊരു നിഴല്‍ മതി
ഭൂചലനങ്ങള്‍ നിലയ്കാത്ത
ഭൂമി പോലെയാവുന്നു ഹൃദയം..!!
                     ************
നിന്നെ എങ്ങിനെ ഓര്‍ക്കാതിരിക്കാം
എന്നോര്‍ക്കുകയായിരുന്നു ഞാനെന്നും
                     ************
തോന്നുമ്പോള്‍ ഇറങ്ങിപ്പോവാനും
തോന്നുമ്പോള്‍ കയറിവരാനും
വാതിലിന്റെ താക്കോല്‍ തന്നേല്‍പ്പിച്ച
ഒരു ഹൃദയമുണ്ട്

ഇടയ്ക്കെങ്കിലും
അതില്‍ നിറഞ്ഞ വിഷാദങ്ങളെ
ഒന്ന് തൂത്ത് വാരി പുറത്തിടണം
                     ************
ഹൃദയത്തെ ഇപ്പോള്‍ ശൂന്യത എന്ന് വിളിക്കാം
                     ************
നീയെന്ന് നോവുമ്പോഴെല്ലാം
ഹൃദയത്തിൽ ആഴത്തിൽ മുറിയും
നിയന്ത്രിക്കാനാവാത്ത
ആന്തരിക രക്തസ്രാവം കൊണ്ട്
ഞാൻ മരിച്ച് പോവും...
                     ************
അപ്പോഴാണ്
പൊതുദർശനത്തിന് വെച്ച
ശരീരം പോലെ
ഞാനെല്ലാം കാണുകയും കേള്‍ക്കുകയും
മൗനിയാവുകയും ചെയ്യുന്നത്
                     ************
വിരഹം എന്നത്
ഒരു വേദനയാണ്
ഹൃദയത്തില്‍ ഉറവപൊട്ടി
ശരീരമാസകലം ഒഴുകുന്ന
നോവിന്റെ പുഴ..!!
                     ************
അനേകായിരം നിലവിളികളുടെ മൗനം
                     ************
ശാന്തം,
തീരത്തെ ഉമ്മവെയ്ക്കാന്‍
മറന്നുപോവുന്നു തിരകള്‍
                     ************
ഞാന്‍
മൗനത്തിന്റെ ഒരു ഗര്‍ത്തമാവുന്നു
അലക്ഷ്യമായി ചെന്ന് പതിച്ച
വാക്കിനാല്‍ മൃതിയടഞ്ഞ
അനേകായിരം വാക്കുകളുടെ ശവക്കുഴി
                     ************
വേദനകളാല്‍ നെയ്തെടുത്ത
കരച്ചിലിന്റെ ഒരു കൂട്
ഞാനിവിടെ ഉപേക്ഷിച്ച് പോവുന്നു
                     ************
നീ വരുമ്പോള്‍ ...
നീര്‍മണികളൊന്നുമുതിരാതെ
എടുത്ത് സൂക്ഷിക്കണം

നിന്നെ കാത്ത് കാത്ത്
സ്നേഹം പവിഴമായ
കണ്ണീര്‍ തുള്ളികളാമത്..!!
                     ************
ചില വാക്കുകളില്‍ തട്ടി
ഉടഞ്ഞു പോവുന്നു
ചില്ലുകളായി ചിതറുന്നു
വാരിയെടുത്ത കൈകള്‍ മുറിയുന്നു
ഞാന്‍ ചോരത്തുള്ളികളാവുന്നു
                     ************
നീ പെയ്ത് പെയ്ത് നിറയേ,
ഞാന്‍ വറ്റി വറ്റി വേനലാവുന്നു..!!
                     ************
മൃത്യുവിന് മൃതസഞ്ജീവനിയാണ് നീ
                     ************
എത്ര കൊണ്ടാലും മതിവരാത്ത എന്‍റെ മഴ
                     ************
ഞാന്‍ നിന്നെ
ചുംബിച്ച് തീര്‍ന്നിരിക്കുന്നു
ഇനി മിഴി തുറന്നേക്കുക
നിന്റെ
കണ്ണിലൊളിപ്പിച്ച നക്ഷത്രങ്ങളെ...
ആകാശം തിരയുന്നുണ്ട്..!!

No comments:

Post a Comment