തുഴയോ, തോണിക്കാരനോ ഇല്ലാതെ
തിരയില്ലാ നടുക്കടലില്‍ ഒരുതോണി
ശാന്തം, സുന്ദരം, ശൂന്യം
**********
നീ, എന്റെ
വിഷാദ രാവുകളെ
ചാറി ചാറി വെളുപ്പിക്കുന്ന
നിലാപൊട്ടുകള്‍
**********
നീ പിരിയുമ്പോഴൊക്കെയും
ഇലത്തുമ്പില്‍ നിന്നിറ്റുന്ന
അവസാന മഴത്തുള്ളിപോലെ
ഞാന്‍ വീണുടയുന്നു.!!
**********
നീരുടഞ്ഞു തീരുന്നു കുമിളകള്‍
പെരുമഴപ്പെയ്ത്തിന്റെ
രക്തസാക്ഷികള്‍
**********
ഉടലുടയാട തീര്‍ത്ത
അനുരാഗമേ
നീ പോയതില്‍ പിന്നെ
ഞാന്‍ നഗ്നനായി
വിരഹത്തിന്‍റെ ...
ഒറ്റക്കൊമ്പില്‍
വിഷാദത്തിന്റെ
ഒരിലമറയത്തിരിക്കുന്നു.
**********
പ്രണയിക്കുമ്പോള്‍
നമ്മള്‍ ഒരേ പക്ഷിയുടെ
രണ്ടു ചിറകുകള്‍
ആകാശമോഹങ്ങളുടെ
അതിരിലേക്ക് ചിറകടിക്കുന്നവര്‍
**********
പെയ്തൊഴിഞ്ഞ് പോവുമ്പോഴെല്ലാം
ഇനി വരില്ലെന്നും കാണേണ്ടെന്നും
നീ ചാറി ചാറി ഒടുങ്ങാറുണ്ട്
എന്നിട്ടും നനവ് വറ്റാതെ...
ഒരു വേനല്‍ മുഴുവന്‍
ഞാന്‍ മുറിച്ച് കടക്കും
വേനലിന്റെ അറ്റത്ത്
നീ തോര്‍ന്നതില്‍ നിന്നും
ഒരു മഴ ചാറി മുളയ്ക്കും
പിന്നെയും പെരുമഴയാവും
ആകാശത്തണലില്‍
ഞാനെപ്പോഴും മഴ കാത്തിരിക്കുന്നു
**********
ഞാന്‍ ഒരു മുറിവ്
നീ നിലയ്ക്കാത്ത ഓര്‍മമഴ
നീറിക്കൊണ്ടിരുന്നിട്ടും
നിന്റെ നനവോര്‍മകള്‍...
അണകെട്ടി നിര്‍ത്തുന്ന
ഹൃദയമാണ് ഞാന്‍
**********
മഴ പെയ്ത് തോര്‍ന്നത്
ഞാന്‍ അറിഞ്ഞതേയില്ല
നീയിപ്പോഴും
പെയ്ത് തോര്‍ന്നില്ലല്ലോ..!!
**********
നിന്നെ തിരഞ്ഞുപോയതാണ് ഞാന്‍
വരുമ്പോള്‍ എന്നെ കൂട്ടി വരുമല്ലോ..!!
**********
ആ വിദ്യുച്ഛക്തി ബന്ധം
വിച്ഛേദിക്കപ്പെട്ടിരുന്നു
ചാലകങ്ങള്‍ തോറും
തണുത്ത ഓര്‍മകളുടെ
രക്തം കട്ടപിടിച്ചിരുന്നു...
**********
എന്നിട്ടും ഏതോ കാന്തിക തരംഗം വഴി
കെടാതെ ഒരു നുള്ള് വെട്ടം ബാക്കിയാവുന്നു
**********
രണ്ട് നോട്ടങ്ങള്‍ തമ്മില്‍
കൂട്ടിമുട്ടിയാല്‍
തീയുണ്ടാവുമെന്ന് ഭയക്കുന്ന
നാല് കണ്ണുകളാണ് നാം
**********
നീ വറ്റി വേനലായ
എന്റെ ആത്മാവിലേക്ക്
ഒരു തുള്ളി ചാറുക
കടലോളം കുടിച്ച് ഞാന്‍
ദാഹം ശമിപ്പിക്കട്ടെ
**********
ആള്‍കൂട്ടങ്ങള്‍ക്കിടയില്‍
നിനക്കെന്തൊരു പൊക്കമാണ്
നിന്നെ കാണാന്‍ എനിക്കും
എന്നെ കാണാന്‍ നിനക്കും
ഒരൊറ്റ നോട്ടം മതി
**********
ഓരോ വാക്കുകളിലും
നീ പൊതിഞ്ഞ മധുരത്തേക്കാള്‍
ഒരൊറ്റ മൌനത്തില്‍
ഒരായിരം നോവ് പകരുന്നു..!!
**********
നിന്റെ മൌനത്തെക്കാള്‍
മൂര്‍ച്ചയേറിയ ഒരായുധവും
ഇത് വരെ കണ്ടെത്തിയിട്ടില്ല
ഇനി കണ്ടെത്താനാവുകയുമില്ല..!!
**********
നീ തൊട്ട് വിളിക്കാഞ്ഞതിനാല്‍
ഉറക്കമുണരാതെ ഒരാത്മാവ്
**********
തെരുവില്‍
ഞാനിപ്പോള്‍ ഇല്ലാതാവുകയും
നിന്നിലേക്ക് നീളുന്ന ഒരു നിഴല്‍ മാത്രം
ബാക്കിയാവുകയും ചെയ്യുന്നു..!!
**********
എന്റെ വേദനയുടെ സുഷിരങ്ങള്‍ വഴി
നിന്റെ ഓര്‍മകളുടെ കാറ്റൊഴുകുമ്പോള്‍
നീ എന്റെ കവിതയുടെ സംഗീതമാവുന്നു
**********
പ്രണയത്തിലാവുക എന്നാല്‍
പ്രാണന്‍ പരസ്പരം
കൈമാറുക എന്നത് കൂടിയാണ്
**********
നീ മുറിയുമ്പോള്‍ ...
അതാണെനിക്കിത്രയും നോവുന്നത്
**********
പറന്നു പോവുമ്പോള്‍
നിന്റെ ചിറകില്‍ നിന്നൊരുതുള്ളി വിഷാദം
എന്റെ നെഞ്ചിന്റെ നടുപ്പാടത്ത് വീഴുന്നു
പൊടുന്നനെ മുളപൊട്ടി,
ചെടിയായി മരമായി...
പൊള്ളുന്ന പൂക്കള്‍ പൂക്കുന്നു
ഓരോ പൂവും മുറിവുകളാവുന്നു..!!
**********
പ്രണയത്തിലേക്ക് ഞെട്ടറ്റ് വീഴുന്നത്
ആകാശക്കൊമ്പില്‍ നിന്ന്‍
നിന്റെ കൈതാങ്ങ് തേടി
താഴേക്ക് പതിക്കുന്ന തൂവല്‍ പോലെയാണ്...
ഞാനിപ്പോള്‍ ആകാശത്തിനും
നിനക്കുമിടയില്‍
കാറ്റിന്റെ ദിശയ്ക്കനുസരിച്ച്
ഭാരമില്ലാത്ത ആത്മാവായിരിക്കുന്നു..!!
**********
ഞാന്‍ കാണാതെ
എന്നെ കാണാതെ
തൊട്ടടുത്ത് വന്ന് പോവുന്ന നിഴലേ..!!
**********
നീ പൊടുന്നനെ ജനിക്കുന്ന
കാഴ്ചയുടെ, ശബ്ദത്തിന്റെ
ചിന്തയുടെ മിന്നലാണ്
**********
ഞാന്‍ നീയാല്‍ ...
ആഘാതമേല്ക്കുന്ന
വൈദ്യുതപ്രതിരോധമൊട്ടുമില്ലാതെ
തലയുയര്‍ത്തി നില്‍ക്കുന്ന ഗോപുരവും
**********
നിന്റെ ചിരിയുമ്മകള്‍
കൊഴിഞ്ഞെന്റെ
ഹൃദയത്തില്‍ മുളച്ച
ചുവന്ന പൂക്കള്‍ സാക്ഷി
**********
പ്രണയത്തിന്റെ
സമശീതോഷ്ണ മേഖലകളിലാണ്
വസന്തത്തിന്റെ കാടുകളെ
ഋതുക്കള്‍ക്ക് മാറ്റാനാവാത്തത്.!!
**********
ഭൂഗുരുത്വാകര്‍ഷണ ബലത്തിന്
പരിധിയുണ്ട്
എന്നാല്‍ നീയെന്ന എന്റെ ഭൂമിക്ക്
എന്റെ ശൂന്യാകാശങ്ങളില്‍
എവിടെയും ആകര്‍ഷണ ബലമുണ്ട്..!!
**********
മിഴിത്തീരത്ത്
പുഴയെ വരയ്ക്കുന്നു
കാത്ത് കാത്ത്
കനലായിപ്പോയ ഓര്‍മകള്‍
No comments:
Post a Comment