Sunday, October 2, 2016

സെപ്തംബര്‍ വസന്തത്തില്‍ പൂത്തത്

കാത്തിരുന്ന്
കാത്തിരുന്ന്
നീ വരായ്കയാല്‍
നിന്നെ ഞാന്‍
മറന്ന് പോവുമെന്ന്‌...
കിനാവ്‌ കണ്ട അന്നുമുതലാണ്
ഞാന്‍ എന്നെ മറന്നുപോയതും
നിന്നെ മാത്രം ഓര്‍ത്തിരിക്കുന്നതും..!!
                     ************
മിണ്ടുമ്പോള്‍ പറയുന്ന
വാക്കുകളേക്കാള്‍ കനമുണ്ട്
മിണ്ടാതെ പോവുന്ന മൌനങ്ങള്‍ക്ക്
                     ************
നിന്നെ തടഞ്ഞിട്ടെനിക്ക് കണ്ണ് കാണുന്നില്ല..!!
                     ************
ക്ഷമിക്കണം,
എന്റെ സ്വപ്നങ്ങള്‍ ഇന്നലെ
വഴിതെറ്റി നിന്റെ വാതിലില്‍ വന്നിരുന്നു.
നീ ഉറങ്ങാതിരുന്നതിനാല്‍
കയറാനാവാതെ തിരിച്ച് പോന്നു..!!
                     ************
നീ എന്നൊരു നിഴല്‍ മതി
ഭൂചലനങ്ങള്‍ നിലയ്കാത്ത
ഭൂമി പോലെയാവുന്നു ഹൃദയം..!!
                     ************
നിന്നെ എങ്ങിനെ ഓര്‍ക്കാതിരിക്കാം
എന്നോര്‍ക്കുകയായിരുന്നു ഞാനെന്നും
                     ************
തോന്നുമ്പോള്‍ ഇറങ്ങിപ്പോവാനും
തോന്നുമ്പോള്‍ കയറിവരാനും
വാതിലിന്റെ താക്കോല്‍ തന്നേല്‍പ്പിച്ച
ഒരു ഹൃദയമുണ്ട്

ഇടയ്ക്കെങ്കിലും
അതില്‍ നിറഞ്ഞ വിഷാദങ്ങളെ
ഒന്ന് തൂത്ത് വാരി പുറത്തിടണം
                     ************
ഹൃദയത്തെ ഇപ്പോള്‍ ശൂന്യത എന്ന് വിളിക്കാം
                     ************
നീയെന്ന് നോവുമ്പോഴെല്ലാം
ഹൃദയത്തിൽ ആഴത്തിൽ മുറിയും
നിയന്ത്രിക്കാനാവാത്ത
ആന്തരിക രക്തസ്രാവം കൊണ്ട്
ഞാൻ മരിച്ച് പോവും...
                     ************
അപ്പോഴാണ്
പൊതുദർശനത്തിന് വെച്ച
ശരീരം പോലെ
ഞാനെല്ലാം കാണുകയും കേള്‍ക്കുകയും
മൗനിയാവുകയും ചെയ്യുന്നത്
                     ************
വിരഹം എന്നത്
ഒരു വേദനയാണ്
ഹൃദയത്തില്‍ ഉറവപൊട്ടി
ശരീരമാസകലം ഒഴുകുന്ന
നോവിന്റെ പുഴ..!!
                     ************
അനേകായിരം നിലവിളികളുടെ മൗനം
                     ************
ശാന്തം,
തീരത്തെ ഉമ്മവെയ്ക്കാന്‍
മറന്നുപോവുന്നു തിരകള്‍
                     ************
ഞാന്‍
മൗനത്തിന്റെ ഒരു ഗര്‍ത്തമാവുന്നു
അലക്ഷ്യമായി ചെന്ന് പതിച്ച
വാക്കിനാല്‍ മൃതിയടഞ്ഞ
അനേകായിരം വാക്കുകളുടെ ശവക്കുഴി
                     ************
വേദനകളാല്‍ നെയ്തെടുത്ത
കരച്ചിലിന്റെ ഒരു കൂട്
ഞാനിവിടെ ഉപേക്ഷിച്ച് പോവുന്നു
                     ************
നീ വരുമ്പോള്‍ ...
നീര്‍മണികളൊന്നുമുതിരാതെ
എടുത്ത് സൂക്ഷിക്കണം

നിന്നെ കാത്ത് കാത്ത്
സ്നേഹം പവിഴമായ
കണ്ണീര്‍ തുള്ളികളാമത്..!!
                     ************
ചില വാക്കുകളില്‍ തട്ടി
ഉടഞ്ഞു പോവുന്നു
ചില്ലുകളായി ചിതറുന്നു
വാരിയെടുത്ത കൈകള്‍ മുറിയുന്നു
ഞാന്‍ ചോരത്തുള്ളികളാവുന്നു
                     ************
നീ പെയ്ത് പെയ്ത് നിറയേ,
ഞാന്‍ വറ്റി വറ്റി വേനലാവുന്നു..!!
                     ************
മൃത്യുവിന് മൃതസഞ്ജീവനിയാണ് നീ
                     ************
എത്ര കൊണ്ടാലും മതിവരാത്ത എന്‍റെ മഴ
                     ************
ഞാന്‍ നിന്നെ
ചുംബിച്ച് തീര്‍ന്നിരിക്കുന്നു
ഇനി മിഴി തുറന്നേക്കുക
നിന്റെ
കണ്ണിലൊളിപ്പിച്ച നക്ഷത്രങ്ങളെ...
ആകാശം തിരയുന്നുണ്ട്..!!

പ്രണയം കൊടുത്ത് മൌനം വാങ്ങുന്ന ആഗസ്ത്

സങ്കടങ്ങളെയെല്ലാം
തേവി വറ്റിക്കുന്നു
നിനക്കൊരു കുഞ്ഞ്
സന്തോഷപ്പൊന്ന് തരാന്‍
                  ************
എണ്ണിയാല്‍ തീരാത്ത
ബോഗികളുള്ള
നിന്റെ ഓര്‍മകളുടെ വണ്ടി
പോയിത്തീരാന്‍ കാത്തിരിക്കുന്നു
എനിക്കെന്നിലേക്ക്...
പാളം മുറിച്ച് കടക്കാന്‍
                  ************
എന്റെ
വിരഹോഷ്ണത്തീ തുള്ളിയില്‍
നിന്റെ പേര് കൊത്തിവെയ്ക്കുന്നു
കാറ്റിന്റെ ഇരു ചിറകുകള്‍
അതിന് തുന്നിച്ചേര്‍ക്കുന്നു...
                  ************
എന്റെ സങ്കടങ്ങള്‍
ആകാശം തൊടുന്ന മുനമ്പില്‍ നിന്ന്
നീയെന്ന വേര്‍പാടിലേക്ക്
ഞാനതിനെ പറത്തുന്നു
                  ************
ദിനേനയിങ്ങിനെ
പെയ്തിട്ടും പെയ്തിട്ടും
പൂ തീരാതെ
ഓര്‍മകളുടെ ഒരു പൂമരം
                  ************
എത്ര കുടഞ്ഞെറിഞ്ഞാലും
അടര്‍ന്ന് പോവാത്തതെന്തോ..!!
                  ************
ഓര്‍ക്കാതിരിക്കാന്‍
മറന്നുപോവുന്നു..!!
                  ************
അണയാതിരിക്കാന്‍ മാത്രം
ഏത് ഇന്ധനം ചേര്‍ത്താണ്
നീയെന്നില്‍ തീയിട്ട് പോയത്..!!
                  ************
ഒരേ പോലെ വേറെ
ഒരെണ്ണം പോലുമില്ല..!!
                  ************
പലപ്പോഴായി
ഇനി നിന്നെ കാണേണ്ടെന്ന്
ഇനി മിണ്ടേണ്ടെന്ന്
ഇനി ഓര്‍ക്കേണ്ടെന്ന്
ഇനി കാത്ത് നില്‍ക്കേണ്ടെന്ന്...
നിമിഷങ്ങളോളം പോലും
നീണ്ടു നില്‍ക്കാത്ത
ശപഥമെടുക്കുന്നു ഞാന്‍..!!
                  ************
പകരുന്ന പാത്രത്തിന്‍റെ രൂപത്തിലേക്ക്
പരിവര്‍ത്തനം ചെയ്യത്തക്ക രീതിയില്‍
നീയെന്നെ എപ്പോഴാണ് ഉരുക്കിയെടുത്തത്..!!
                  ************
ഇറങ്ങിപ്പോവുമ്പോഴെല്ലാം
നീ കൂടെ കൊണ്ട് പോവാന്‍ മറക്കുന്ന
ഒരു നീയെപ്പോഴും
എന്നില്‍ ബാക്കിയാവുന്നു
                  ************
വിരസതയുടെ കൂടയെടുത്ത്
കവിതകള്‍ കൊഴിയുന്ന
ഒരൊറ്റമരച്ചുവട്ടിലിരിക്കാന്‍ മോഹം..!!
                  ************
കാണുന്നവരിലെല്ലാം നിന്റെ
പ്രതിച്ഛായ കൊത്തിയിടുന്നതാരാണ്
                  ************
മനസ്സ് വേദനയ്ക് തേയ്ക്കാവുന്ന
മരുന്നുകള്‍ ലഭ്യമായെങ്കില്‍..!!
                  ************
നിന്നെ കാണാന്‍ സാധ്യതയുള്ള
വഴികളിലെന്റെ ചങ്കിടിപ്പ് കൂടുന്നു
അത്രയും കാണാന്‍ തോന്നിയിട്ടും
നിന്നെ കാണാതിരിക്കാന്‍ ആഗ്രഹിക്കുന്നു
                  ************
കണ്‍പോളകളില്‍ എവിടെയോ ആവണം
നീ താമസിക്കുന്നത്
അവ അടയ്കുമ്പോഴും തുറക്കുമ്പോഴും
നീ ഇറങ്ങി വരുന്നല്ലോ..!!
                  ************
എത്ര പുഴകളില്‍ നീന്തി വന്നാലും
എന്റെ കടലേ, നീയുപ്പിക്കുന്നു..!!
                  ************
ഞാനറിയാതെ നിന്നെ ഒളിച്ച് കടത്തി
ആരോ എന്നില്‍ സൂക്ഷിച്ചിട്ടുണ്ട്..!!
                  ************
കിനാവില്‍ വന്നിനിയെന്നെ
നീ ഉമ്മവെയ്ക്കരുത്
ഉണരുമ്പോള്‍
ഉമ്മകളാകെ പൊള്ളുന്നു..!!
                  ************
ചെടികള്‍ പ്രകാശം കിട്ടുന്ന
ഭാഗത്തേക്ക് ചായുന്നു
എത്ര തന്നെ പ്രകാശം ലഭിച്ചിട്ടും
ഞാന്‍ നീയില്ലായ്മയിലേക്ക് ചായുന്നു..!!
                  ************
നികത്താനാവാത്ത ശൂന്യതയാണ് പ്രണയം..!!
                  ************
നിന്നെ കാണാതിരിക്കാന്‍ ഒളിയിടങ്ങളില്ല..!!
                  ************
വേദനകള്‍ പൂക്കുന്ന ഒരൊറ്റമരം
                  ************
പ്രണയം കൊടുത്ത് മൌനം വാങ്ങുന്നവര്‍

ജൂലൈ മാസത്തിലെ പനിനീര്‍ പൂക്കള്‍

കളഞ്ഞു പോയതോ
കളവു പോയതോ
കാണാതായതോ
എന്തോ ഒന്നുണ്ട്
                  ************
മായ്ച്ച് മായ്ച്ച്
തെളിഞ്ഞു വരുന്ന
ചില ചിത്രങ്ങളുണ്ട്
                  ************
ഒരു പുഞ്ചിരിയാല്‍
വീണ്ടെടുക്കുന്ന
ഓര്‍മച്ചിത്രങ്ങളുണ്ട്
                  ************
മറവിയിലുറങ്ങി
ഓര്‍മയിലേക്ക് ഉണരുന്നു
എന്റെ നിന്റെ കനവുകള്‍
                  ************
ഞാനുറങ്ങുമ്പോഴെല്ലാം
നീ ഉണര്‍ന്നിരിക്കുന്നതിനാല്‍
എന്റെ സ്വപ്നത്തിന്
നിന്റെ സ്വപ്നത്തിലേക്ക്
വരാനാവുന്നേയില്ല...!!!
                  ************
ഈരണ്ടു ജാലകങ്ങള്‍ മാത്രമുള്ള
ബോഗികള്‍ ഘടിപ്പിച്ച തീവണ്ടി
                  ************
ഒരു രേഖാചിത്ര വിദഗ്ദനും
എന്നില്‍ നിന്നും
വരച്ചെടുക്കാന്‍ കഴിയാത്ത
നീയൊരു മായ തന്നെ..!!
                  ************
എനിക്കൊരു ഹൃദയത്തോളം
തൂക്കം കുറഞ്ഞിട്ടുണ്ട്

നിനക്കാ ഹൃദയത്തോളം
തൂക്കം കൂടിക്കാണും..!!
                  ************
അതിനുമാത്രം എന്താണെന്നോ..?

നിന്നെ പോലെ എനിക്ക്
മറ്റൊരു നീയോ
എന്നെ പോലെ നിനക്ക് ...
മറ്റൊരു ഞാനോ ഇല്ല എന്നത് തന്നെ
                  ************
ഉത്തരം പറഞ്ഞാല്‍
പരാജയപ്പെടുന്ന ചോദ്യങ്ങള്‍
അഥവാ എനിക്കുത്തരം മുട്ടുന്ന
നിന്റെ ചോദ്യങ്ങള്‍
                  ************
നിശ്ശബ്ദതയുടെ പാതിരാ പക്ഷികള്‍
പകല്‍കിനാക്കളിലേക്ക് ചിറകടിക്കുന്നു
                  ************
മിന്നാമിനുങ്ങുകള്‍
...................................
പ്രണയ ചുംബനങ്ങളുടെ
കടലാസുപൊതികള്‍
ആകാശത്തേക്കാരോ ...
വലിച്ചെറിഞ്ഞതാവാം

അവയ്ക്ക് ജീവന്‍ വെച്ച്
തെളിഞ്ഞും അണഞ്ഞും
ചെറു ചിറകില്‍ പറന്നും
കൊതിപ്പിക്കുന്നതുമാവാം
                  ************
മഴവിരി ജാലകത്തിനിപ്പുറം
ഓര്‍മകള്‍ പുതച്ചുറങ്ങുന്നു
നീ എന്ന ഋതുവരുന്നതും
കാത്ത് കാത്തൊരു പൂമരം
                  ************
ഇനിയും വരാനില്ലാത്ത
വസന്തം കാത്തിരിക്കുന്നു
ഇല കൊഴിഞ്ഞ്
കൊഴിഞ്ഞുണങ്ങിയ മരം
                  ************
പെയ്തിട്ടും പെയ്തിട്ടും
ബാക്കിയാവുന്ന
കറുത്ത മേഘമാവുന്നു
വേദനകള്‍
                  ************
രാത്രിയുടെ യാമങ്ങളില്‍
ഓരോ സ്വപ്നങ്ങളെ വീതം
കൊളുത്തി വെക്കുന്നതും
നിദ്രയെ എടുത്ത് പോവുന്നതും
നിന്റെ പതിവായിരിക്കുന്നു..!!
                  ************
ഓര്‍മകളുടെ ഇഴയകലങ്ങള്‍
വേദന നൂലുകൊണ്ട് തുന്നുന്നു
                  ************
മഴ ഞാന്‍ അറിഞ്ഞതേയില്ല
ഞാന്‍ നീ നിര്‍ത്തിപ്പോയ
വെള്ളച്ചാട്ടത്തിനടിയിലാണല്ലോ..!!

ജൂണ്‍ നിനവുകള്‍

നോക്കിയിരിക്കേ
അപ്രത്യക്ഷമാവുന്ന
കണ്മിഴിക്കനവുകള്‍ ..!!
                   **********
ഇവിടെയീ ഒറ്റമരക്കൊമ്പില്‍
നിന്നെ നിനച്ചിരിക്കുവോളം
ഞാന്‍ ഒറ്റയല്ലാതൊറ്റയാവുന്നു
                   **********
ഞാന്‍
പരാജയം സമ്മതിക്കുന്ന
ഏക ഇടമാണ് നീ
                   **********
തൊടിയിലിത്തിരി വട്ടം കറങ്ങി
എന്നെ തൊടാതെ പോവുന്ന കാറ്റേ,
നിന്നില്‍ നിന്നൊരു തുള്ളി തെറിച്ചെന്റെ
ഉള്ളം പൊള്ളി പൊള്ളിയടരുന്നു
                   **********
ഇപ്പോഴും
ഞാനിവിടെത്തന്നെയുണ്ട്
നീ പറഞ്ഞ് വെച്ച വാക്കിന്‍റെ
തുമ്പില്‍
                   **********
ഞാന്‍, ഒരു ശലഭജന്മം
നീ എന്ന വസന്തം വരായ്കയാല്‍
ചിറകുകള്‍ മുളയ്ക്കാതെ
സമാധിയില്‍ തപസ്സ് ചെയ്യുന്നു
                   **********
ഒരു തരി കുശുമ്പില്‍
ഒരായിരം സ്നേഹം
                   **********
ഉണങ്ങരുത്
എന്ന് നോവുന്ന
മുറിവുകളിലെല്ലാം
നിന്നെ
തുന്നിച്ചേര്‍ത്തിരിക്കുന്നു
                   **********
നീ മഴയാണ്
ഇടയ്ക്കെപ്പോഴോ
തോര്‍ന്ന് പോവുന്നത്

പിന്നെയും ...
മടിച്ച് മടിച്ചൊടുവില്‍
അത്രയും ആയത്തില്‍ പെയ്യുന്നത്
                   **********
കൊത്തിയെടുക്കാനെത്ര
കഴുകൻ, പരുന്തുകൾ
വട്ടമിടുന്നെന്റെ പ്രണയമേ
ഒരു കൊക്കിനുമിരയാവല്ലേ
എന്നുയിരുകാത്തിടാന്‍...!!!
                   **********
നിന്നെ നിന്നെക്കാള്‍ എനിക്കും
എന്നെ എന്നെക്കാള്‍ നിനക്കും
അറിയാം എന്നുള്ളതാണ്
                   **********
നീ, ഒരായിരം ഹൃദയചിഹ്നങ്ങള്‍ കൊണ്ട് പോലും
ആലേഖനം ചെയ്യപ്പെടാനാവാത്ത പ്രണയമാണ്
                   **********
നീ കരഞ്ഞ് മഴയാവുന്നു
ഒഴുകി പുഴയാവുന്നു
ഉപ്പിച്ച് കടലാവുന്നു
ഉഷ്ണിച്ച് മേഘമാവുന്നു...
                   **********
പരിണാമ ചക്രങ്ങളിലെല്ലാം
ഞാന്‍ നിന്റെ മാത്രം പ്രണയമാവുന്നു
                   **********
നിന്റെ മുറിവുകൾ
നിന്നേക്കാളേറെ
എനിക്ക് മുറിയുന്നതിനാൽ
നിനക്കവ ഉണങ്ങിയിട്ടും
എനിക്കിപ്പോഴും ...
വേദനിച്ച്കൊണ്ടിരിക്കുന്നു..
                   **********
എനിക്ക്
നീ എന്നൊരു
നിഴലോര്‍മ മാത്രം മതി
                   **********
എന്നെ മാത്രം
കാത്തിരിക്കാത്ത
ഒറ്റമഴച്ചില്ലകള്‍
                   **********
ഓര്‍മകളിലേക്ക്
ആത്മാഹുതി ചെയ്യുന്ന
ഒറ്റത്തുള്ളി മഴകള്‍
                   **********
ഇനി കാത്തിരിക്കാനൊരു
മരച്ചില്ല പോലുമില്ലാത്തതിനാല്‍
കാടിനൊപ്പം ഞാനും തീപെടുന്നു
                   **********
പെട്ടെന്ന് മുറിച്ചു മാറ്റാന്‍ പറ്റുന്ന
അത്രയും മൃദുവായ സ്നേഹങ്ങളാവും
എന്നുമാദ്യം അടര്‍ത്തിമാറ്റപ്പെടുന്നത്
                   **********
സ്ഫോടനാത്മകമായൊരു
സ്നേഹത്തെ തിരിതാഴ്ത്തി വെച്ചിരിക്കുന്നു

മെയ് മാസത്തിലെ വിഷാദങ്ങള്‍

ഒരു മുറിവെങ്കിലും
ഉണക്കാതെ സൂക്ഷിക്കാം
ഓര്‍മകള്‍ തെല്ലും വാടാതിരിക്കാന്‍
                        ***********
നീ ഉള്ളതും ഇല്ലാത്തതുമായ
ദിനങ്ങളെ ക്രമത്തില്‍ വയ്ക്കുമ്പോള്‍
മഴയും വേനലും ലഭിക്കുന്നു
                        ***********
ശൂന്യത
മൗനം
തിരയിളകാതുറങ്ങുന്ന
കടലിന്റെ ശാന്തത
                        ***********
ഇവിടെയിരിപ്പുണ്ട്
ആ ഒറ്റമരക്കൊമ്പില്‍ തന്നെ
നിന്റെ ദേശാടനത്തിന്റെ
ഋതുവാകുന്നതും കാത്ത്
                        ***********
ഇലകള്‍ വസിക്കാത്ത ഒറ്റമരക്കാട്
                        ***********
നിന്നെ മാത്രം തിരഞ്ഞെടുക്കാന്‍
ഇനിയും തിരിച്ചറിയാനാവാത്ത
കാരണങ്ങള്‍ അവസാനിക്കുന്നേയില്ല..!!
                        ***********
പെയ്തുപോയ
അമ്മ മഴയ്ക്ക് ചുവടെ
നനഞ്ഞിരിക്കുന്നു
വരാനില്ലാത്ത മഴയെ
ഓര്‍ത്തിരിക്കുന്നു
                        ***********
നിന്റെ
മൌനത്തില്‍ നിന്ന്
വാക്കിന്റെ അറ്റത്തേക്ക്
എത്ര ദൂരമുണ്ടാവും
അത്രത്തോളം വഴികളില്‍...
പൂത്തപാരിജാതമാണ് എന്റെ പ്രണയം
                        ***********
എന്റെ മാത്രം ആകാശത്ത്
നീ വിരിച്ചതും
പിന്നെ നീ കുടഞ്ഞെടുത്ത് പോയതും
ഒരേ നിലാവ്..!!
                        ***********
ഞാന്‍
തീരത്ത് വരയ്ക്കുന്നതും
ആരും കാണല്ലേയെന്ന്
നീ മായ്ക്കുന്നതും
                        ***********
നീ വിളിച്ചാലേത്
ശവകുടീരത്തിനകമാകിലും
മണ്ണടര്‍ത്തിവരുവാതിരിക്കാനാവുമോ..!!
                        ***********
നിന്റെ ചുംബനമുദ്രകള്‍ ശേഖരിക്കാന്‍
അധരയടയാള വിദഗ്ദരെ ആവശ്യമുണ്ട്
                        ***********
വഴികളിലൊക്കെ
നിന്നെ തിരയുന്നുണ്ട്
എന്നിട്ടും നീ വരാതിരുന്നെങ്കില്‍
എന്ന് നോവാനാണെനിക്കിഷ്ടം
                        ***********
പ്രത്യേകിച്ച് എന്തെന്നല്ലേ..?

എനിക്ക് പറയാനുള്ളത്
നിന്നോട് മാത്രം പറയുന്നു/
നിന്നോട് മാത്രമേ പറയാനുള്ളൂ...
എന്നതാണ് പ്രത്യേകത
                        ***********
ഓര്‍മ്മകള്‍ പാടേ
മായ്ച്ചുകളയാന്‍
നിഴല്‍ മായ്കാവുന്നൊരു
യന്ത്രം വേണം
                        ***********
മുറിവിനെ കുറിച്ച്
നീ ചോദിക്കാറേയില്ല
വേദനകള്‍ തുന്നുമ്പോഴും
ഞാന്‍ നിന്നെ വിസ്മരിക്കാറില്ല...

എന്നിട്ടും എപ്പോഴെങ്കിലും
വീണുകിട്ടുന്ന നിന്റെ
വെറും വാക്കുകളെ
മുറിവില്‍ പുരട്ടിയാല്‍
ഉണങ്ങുന്ന അത്ഭുതമാണ് ഞാന്‍..!!
                        ***********
കാത്തിരുന്ന് കാത്തിരുന്ന്
വഴിക്കണ്ണിലെണ്ണ വറ്റുന്നു
നീ വന്നേക്കാമെന്ന
തിരികളെല്ലാം കത്തി തീരുന്നു...
                        ***********
ഇരുട്ടാണ്‌
നിഴലനക്കങ്ങള്‍ മായ്ച്ച ഇരുട്ടില്‍
ഇലയനക്കങ്ങള്‍ക്ക് കാതോര്‍ക്കുന്നു
അത്രയും നിശ്ശബ്ദവും
ശൂന്യവുമായൊരു വഴിയടയുന്നു
ഞാനെന്‍റെ നീയെന്ന
അവസാന ശ്വാസം വലിക്കുന്നു.
                        ***********
മരിച്ചു കിടക്കുമ്പോള്‍
എന്നെ ഇനിയും നീ
വിളിക്കാതിരിക്കണം
എനിക്ക് വയ്യ
ഇടക്കിടക്കിങ്ങിനെ മരിക്കാന്‍..!!
                        ***********
കാത്തിരുന്ന് കാത്തിരുന്ന്
വഴിക്കണ്ണിലെണ്ണ വറ്റുന്നു
നീ വന്നേക്കാമെന്ന
തിരികളെല്ലാം കത്തി തീരുന്നു..!!
                        ***********
ഒറ്റയ്ക്കാവുമ്പോള്‍
എത്രത്തോളം ഒറ്റപ്പെടുമെന്നും
ചേര്‍ന്നിരിക്കുമ്പോള്‍
എത്രത്തോളം കൂട്ടത്തിലാവുമെന്നും
ഞാന്‍ അളന്ന് നോക്കുന്നു...

ഒറ്റയ്ക്ക്
ഞാനാകാശത്തോളം ഒറ്റയാവുന്നു
ചേര്‍ന്ന്
നമ്മളിരട്ടയാവുന്നു
                        ***********
എന്റെ
അക്ഷരക്കുഞ്ഞുങ്ങളെ
സൂക്ഷിക്കാന്‍
ഏല്പിച്ചതായിരുന്നു നിന്നെ
തിരിച്ചു തന്നപ്പോള്‍ ...
കൂട്ടത്തിലൊന്നിന്റെ
കാലൊടിഞ്ഞിരിക്കുന്നല്ലോ..!!

കുറുമ്പിന്റെ കൂടെന്ന്
നീ പറഞ്ഞ കുഞ്ഞിനാണ്
നിന്നോടത്രമേല്‍ സ്നേഹവും
                        ***********
നീ വന്ന് ജാലകം തുറക്കാത്തതിനാല്‍
സൂര്യന്‍ എത്തിനോക്കാത്ത പകല്‍
                        ***********
നീ മിണ്ടാതെ പോവുമ്പോഴെല്ലാം
തീ പിടിക്കുന്ന നെഞ്ചകം
                        ***********
എനിക്ക് നിന്നോടുള്ള
ഭ്രാന്തിന്റെ പേരാണ് പ്രണയം
                        ***********
ദിനേന എന്നില്‍
നിനക്ക് പൂക്കുന്ന ചുംബനങ്ങള്‍
നീ കൈപറ്റാത്തതിനാലാണ്
ആകാശത്തേക്കവ ഉയര്‍ത്തപ്പെടുന്നതും
നക്ഷത്രങ്ങളായി ജീവിക്കുന്നതും
                        ***********
നീ പെയ്ത് പെയ്ത് തോരുന്ന
ദിവസങ്ങള്‍ക്കൊടുവിലെപ്പോഴും
ഞാന്‍ വറ്റി വറ്റി വരളുന്നു.
                        ***********
അതിരുകളില്‍ മുഴുവന്‍
അരുത് മുല്ലകള്‍ പൂക്കുന്നു
                        ***********
ഒരേ ആകാശത്തിന്‍റെ ചുവട്ടില്‍
നമ്മള്‍ ഒരേ നക്ഷത്രം നോക്കുന്നു
നിശബ്ദമായിങ്ങിനെ
മിണ്ടാന്‍ നിന്നോട്
എനിക്കല്ലാതെയാര്‍ക്കാണ് കഴിയുക !!!
ഭ്രാന്തുകള്‍ പൂക്കാത്ത ഒറ്റമരം ..!!
                    **********
എന്റെ
വേദനക്കുഞ്ഞുങ്ങളെ
തിരികേയേല്‍പ്പിക്കുകയെന്‍
തിരുമുറിവുകളേ...!!
                    **********
എവിടെയോ
ഒരു കുഞ്ഞില മറവില്‍
വിരഹത്തിലേക്ക് പായും ഞരമ്പില്‍
ഒരു വിഷാദ തുഷാരബിന്ദുവായി
ഞാന്‍ തിരഞ്ഞിട്ടും കാണാതെ...
നീയുണ്ടാവും.. !!
                    **********
അകത്ത് കിനാവുകള്‍ പൂക്കുമ്പോള്‍
പുറത്ത് നമ്മള്‍ ഇരുട്ടറയിലായാലെന്ത്..!!
                    **********
ഇനി നമുക്ക് മിണ്ടാതിരിക്കാം
എന്ന് നമ്മള്‍ കരുതുന്നത് മുതല്‍ക്കാവും
നമ്മള്‍ നമ്മളോട് തന്നെ
മിണ്ടിക്കൊണ്ടേയിരിക്കുന്നത്..!!
                    **********
വിഷാദങ്ങളുടെ ധാന്യമണികള്‍
ഹൃദയത്തിന്‍റെ മുറ്റത്ത് നിന്നും
കൊത്തിപ്പെറുക്കാന്‍
എല്ലാ ഹൃദയങ്ങളിലും
ഒരു മൈന കൂട് വെച്ചിട്ടുണ്ട്
                    **********
ഇടയ്ക്ക് സമയം
എന്നെ വിട്ട് പോവും
അങ്ങിനെ സമയം പോവുമ്പോഴെല്ലാം
ഞാന്‍ നിന്റെ അടുത്തായിരിക്കും
പിന്നീടെപ്പോഴോ കയറിവരും...

എന്റെ ബാഹ്യലോകത്തെ
സമയങ്ങളെല്ലാം നീ എന്നാണെനിക്ക്
തിരിച്ച് തരിക..!!
                    **********
ഹൃദയത്തില്‍ നീയെന്ന
ഒരു മുറിവരുവിയുണ്ട്
ഓര്‍മകളുടെ വേദനകള്‍ ഒഴുകുന്നത്
                    **********
പേനനിറയുന്ന മഷിയും...
രൂപമാറ്റം വരുന്ന അക്ഷരങ്ങളും
നീയല്ലാതെ മറ്റൊന്നല്ല..!!
                    **********
നീ,
നിലാവ് നിറച്ച
പേനകൊണ്ടെഴുതിയ കവിത
                    **********
ഉടലുടയാട തീര്‍ത്ത
അനുരാഗമേ
നീ പോയതില്‍ പിന്നെ ഞാന്‍
വിരഹത്തിന്‍റെ
ഒറ്റക്കൊമ്പില്‍...
വിഷാദത്തിന്റെ
ഒരിലമറയത്തിരിക്കുന്നു.
                    **********
നീ വറ്റി വേനലായ
എന്റെആത്മാവിലേക്ക്
ഒരു തുള്ളി ചാറുക
കടലോളം കുടിച്ച് ഞാന്‍
ദാഹം ശമിപ്പിക്കട്ടെ
                    **********
ഉറക്കത്തിന് മുന്‍പുള്ള
ചിന്തകളിലോ
വെറുതെ ഒരു കിനാവിലോ
നീ ഇപ്പോള്‍ വരുന്നേയില്ല...

എന്നിട്ടും എങ്ങിനെയാണ്
നീയെന്‍റെ കൂടെ
എപ്പോഴും ഉണരുന്നത്..!!
                    **********
ഞാനെന്നെ മറന്ന് പോവുന്നു..!!
                    **********
നീ എന്നില്‍ നിന്നും
അകന്നുപോയെന്ന് പറയുന്ന
അത്രയ്ക്കും ദൂരങ്ങള്‍ക്കിടയില്‍
ഒരു ശൂന്യതയുടെ വയലുണ്ട്
അവിടെയാണ് ...
എന്റെ കാത്തിരിപ്പിന്‍റെ
വയലറ്റ് പൂക്കള്‍ വിരിയുന്നത്
                    **********
നീ കടല്‍
ഞാന്‍ കപ്പല്‍
നിന്റെ ഭാവവ്യത്യാസങ്ങളിലൂടെ
യാത്ര ചയ്യുന്നു..
                    **********
നീ,
എത്ര നനഞ്ഞാലും
മതിവരാത്ത മഴ/മൊഴി.
                    **********
നിഴലനക്കങ്ങളില്‍ പോലും
കാന്തിക തരംഗങ്ങള്‍ തീര്‍ത്ത്
എന്നെ അതിചാലകമാക്കുന്നു നീ
                    **********
നിന്നെ മാത്രം
കാത്തിരിക്കുന്നു
എന്റെ ജാലകങ്ങള്‍

എന്നിലേക്ക് മാത്രം ...
തുറക്കാതെ വെച്ചിരിക്കുന്നു
നിന്റെ ജാലകങ്ങള്‍
                    **********
നീ എന്നെ മറന്നുപോയ
അത്രയ്ക്കുമത്രയ്ക്കും
ഞാന്‍ നിന്നെ
ഓര്‍ത്ത്കൊണ്ടേയിരിക്കുന്നു

മാര്‍ച്ചിലെ ചുടുവേവുകള്‍

തുഴയോ, തോണിക്കാരനോ ഇല്ലാതെ
തിരയില്ലാ നടുക്കടലില്‍ ഒരുതോണി

ശാന്തം, സുന്ദരം, ശൂന്യം
                   **********
നീ, എന്റെ
വിഷാദ രാവുകളെ
ചാറി ചാറി വെളുപ്പിക്കുന്ന
നിലാപൊട്ടുകള്‍
                   **********
നീ പിരിയുമ്പോഴൊക്കെയും
ഇലത്തുമ്പില്‍ നിന്നിറ്റുന്ന
അവസാന മഴത്തുള്ളിപോലെ
ഞാന്‍ വീണുടയുന്നു.!!
                   **********
നീരുടഞ്ഞു തീരുന്നു കുമിളകള്‍
പെരുമഴപ്പെയ്ത്തിന്റെ
രക്തസാക്ഷികള്‍
                   **********
ഉടലുടയാട തീര്‍ത്ത
അനുരാഗമേ
നീ പോയതില്‍ പിന്നെ
ഞാന്‍ നഗ്നനായി
വിരഹത്തിന്‍റെ ...
ഒറ്റക്കൊമ്പില്‍
വിഷാദത്തിന്റെ
ഒരിലമറയത്തിരിക്കുന്നു.
                   **********
പ്രണയിക്കുമ്പോള്‍
നമ്മള്‍ ഒരേ പക്ഷിയുടെ
രണ്ടു ചിറകുകള്‍
ആകാശമോഹങ്ങളുടെ
അതിരിലേക്ക് ചിറകടിക്കുന്നവര്‍
                   **********
പെയ്തൊഴിഞ്ഞ് പോവുമ്പോഴെല്ലാം
ഇനി വരില്ലെന്നും കാണേണ്ടെന്നും
നീ ചാറി ചാറി ഒടുങ്ങാറുണ്ട്

എന്നിട്ടും നനവ്‌ വറ്റാതെ...
ഒരു വേനല്‍ മുഴുവന്‍
ഞാന്‍ മുറിച്ച് കടക്കും

വേനലിന്റെ അറ്റത്ത്
നീ തോര്‍ന്നതില്‍ നിന്നും
ഒരു മഴ ചാറി മുളയ്ക്കും
പിന്നെയും പെരുമഴയാവും

ആകാശത്തണലില്‍
ഞാനെപ്പോഴും മഴ കാത്തിരിക്കുന്നു
                   **********
ഞാന്‍ ഒരു മുറിവ്
നീ നിലയ്ക്കാത്ത ഓര്‍മമഴ

നീറിക്കൊണ്ടിരുന്നിട്ടും
നിന്റെ നനവോര്‍മകള്‍...
അണകെട്ടി നിര്‍ത്തുന്ന
ഹൃദയമാണ് ഞാന്‍
                   **********
മഴ പെയ്ത് തോര്‍ന്നത്
ഞാന്‍ അറിഞ്ഞതേയില്ല
നീയിപ്പോഴും
പെയ്ത് തോര്‍ന്നില്ലല്ലോ..!!
                   **********
നിന്നെ തിരഞ്ഞുപോയതാണ് ഞാന്‍
വരുമ്പോള്‍ എന്നെ കൂട്ടി വരുമല്ലോ..!!
                   **********
ആ വിദ്യുച്ഛക്തി ബന്ധം
വിച്ഛേദിക്കപ്പെട്ടിരുന്നു
ചാലകങ്ങള്‍ തോറും
തണുത്ത ഓര്‍മകളുടെ
രക്തം കട്ടപിടിച്ചിരുന്നു...
                   **********
എന്നിട്ടും ഏതോ കാന്തിക തരംഗം വഴി
കെടാതെ ഒരു നുള്ള് വെട്ടം ബാക്കിയാവുന്നു
                   **********
രണ്ട് നോട്ടങ്ങള്‍ തമ്മില്‍
കൂട്ടിമുട്ടിയാല്‍
തീയുണ്ടാവുമെന്ന് ഭയക്കുന്ന
നാല് കണ്ണുകളാണ് നാം
                   **********
നീ വറ്റി വേനലായ
എന്റെ ആത്മാവിലേക്ക്
ഒരു തുള്ളി ചാറുക
കടലോളം കുടിച്ച് ഞാന്‍
ദാഹം ശമിപ്പിക്കട്ടെ
                   **********
ആള്‍കൂട്ടങ്ങള്‍ക്കിടയില്‍
നിനക്കെന്തൊരു പൊക്കമാണ്
നിന്നെ കാണാന്‍ എനിക്കും
എന്നെ കാണാന്‍ നിനക്കും
ഒരൊറ്റ നോട്ടം മതി
                   **********
ഓരോ വാക്കുകളിലും
നീ പൊതിഞ്ഞ മധുരത്തേക്കാള്‍
ഒരൊറ്റ മൌനത്തില്‍
ഒരായിരം നോവ്‌ പകരുന്നു..!!
                   **********
നിന്റെ മൌനത്തെക്കാള്‍
മൂര്‍ച്ചയേറിയ ഒരായുധവും
ഇത് വരെ കണ്ടെത്തിയിട്ടില്ല
ഇനി കണ്ടെത്താനാവുകയുമില്ല..!!
                   **********
നീ തൊട്ട് വിളിക്കാഞ്ഞതിനാല്‍
ഉറക്കമുണരാതെ ഒരാത്മാവ്
                   **********
തെരുവില്‍
ഞാനിപ്പോള്‍ ഇല്ലാതാവുകയും
നിന്നിലേക്ക്‌ നീളുന്ന ഒരു നിഴല്‍ മാത്രം
ബാക്കിയാവുകയും ചെയ്യുന്നു..!!
                   **********
എന്റെ വേദനയുടെ സുഷിരങ്ങള്‍ വഴി
നിന്റെ ഓര്‍മകളുടെ കാറ്റൊഴുകുമ്പോള്‍
നീ എന്റെ കവിതയുടെ സംഗീതമാവുന്നു
                   **********
പ്രണയത്തിലാവുക എന്നാല്‍
പ്രാണന്‍ പരസ്പരം
കൈമാറുക എന്നത് കൂടിയാണ്
                   **********
നീ മുറിയുമ്പോള്‍ ...
അതാണെനിക്കിത്രയും നോവുന്നത്
                   **********
പറന്നു പോവുമ്പോള്‍
നിന്റെ ചിറകില്‍ നിന്നൊരുതുള്ളി വിഷാദം
എന്റെ നെഞ്ചിന്റെ നടുപ്പാടത്ത് വീഴുന്നു
പൊടുന്നനെ മുളപൊട്ടി,
ചെടിയായി മരമായി...
പൊള്ളുന്ന പൂക്കള്‍ പൂക്കുന്നു
ഓരോ പൂവും മുറിവുകളാവുന്നു..!!
                   **********
പ്രണയത്തിലേക്ക് ഞെട്ടറ്റ് വീഴുന്നത്
ആകാശക്കൊമ്പില്‍ നിന്ന്‍
നിന്റെ കൈതാങ്ങ് തേടി
താഴേക്ക് പതിക്കുന്ന തൂവല്‍ പോലെയാണ്...

ഞാനിപ്പോള്‍ ആകാശത്തിനും
നിനക്കുമിടയില്‍
കാറ്റിന്റെ ദിശയ്ക്കനുസരിച്ച്
ഭാരമില്ലാത്ത ആത്മാവായിരിക്കുന്നു..!!
                   **********
ഞാന്‍ കാണാതെ
എന്നെ കാണാതെ
തൊട്ടടുത്ത് വന്ന് പോവുന്ന നിഴലേ..!!
                   **********
നീ പൊടുന്നനെ ജനിക്കുന്ന
കാഴ്ചയുടെ, ശബ്ദത്തിന്റെ
ചിന്തയുടെ മിന്നലാണ്
                   **********
ഞാന്‍ നീയാല്‍ ...
ആഘാതമേല്ക്കുന്ന
വൈദ്യുതപ്രതിരോധമൊട്ടുമില്ലാതെ
തലയുയര്‍ത്തി നില്‍ക്കുന്ന ഗോപുരവും
                   **********
നിന്റെ ചിരിയുമ്മകള്‍
കൊഴിഞ്ഞെന്റെ
ഹൃദയത്തില്‍ മുളച്ച
ചുവന്ന പൂക്കള്‍ സാക്ഷി
                   **********
പ്രണയത്തിന്റെ
സമശീതോഷ്ണ മേഖലകളിലാണ്
വസന്തത്തിന്റെ കാടുകളെ
ഋതുക്കള്‍ക്ക് മാറ്റാനാവാത്തത്.!!
                   **********
ഭൂഗുരുത്വാകര്‍ഷണ ബലത്തിന്
പരിധിയുണ്ട്
എന്നാല്‍ നീയെന്ന എന്റെ ഭൂമിക്ക്
എന്റെ ശൂന്യാകാശങ്ങളില്‍
എവിടെയും ആകര്‍ഷണ ബലമുണ്ട്..!!
                   **********
മിഴിത്തീരത്ത്
പുഴയെ വരയ്ക്കുന്നു
കാത്ത് കാത്ത്
കനലായിപ്പോയ ഓര്‍മകള്‍

ഫെബ്രുവരിയില്‍ മുറിഞ്ഞ നോവുകള്‍


പ്രണയിക്കുമ്പോള്‍
ഞാനും നീയും ഒരേ ശലഭത്തിന്റെ
രണ്ട് ചിറകുകളാവുന്നു
               *********
ഞാനെത്ര തല്ലിക്കെടുത്തിയിട്ടും
കെട്ടുപോവാന്‍ സമ്മതിക്കാതെ
നീയെന്ന തീക്കനലുണ്ട് നെഞ്ചില്‍
               *********
നിന്നിലേക്ക്‌ ഞാന്‍
ഞെട്ടറ്റ് വീണ നിമിഷത്തിലേക്ക്
പുനര്‍ജനിക്കാനായെങ്കില്‍..!!
               *********
നീ രാജ്യമുപേക്ഷിച്ചതില്‍ പിന്നെ
അനന്തരാവകാശികളില്ലാതെ
എന്റെ പ്രണയം തീപെട്ടിരിക്കുന്നു..!!
               *********
ഇടയ്ക്ക് നിന്റെ ഓര്‍മകളെല്ലാം കൂടി
മനസ്സിലേക്ക് കയറി വരും
അവിടെ ഒട്ടും സ്ഥലമില്ലാതാവും
ഞാന്‍ സമ്മര്‍ദത്തിലാവും
എനിക്ക് ശ്വാസംമുട്ടും...
ഞാന്‍ നിന്നിലേക്ക്‌ മാത്രം തുറക്കാവുന്ന
എന്റെ ജനാലകള്‍ പരതും
അപ്പുറത്ത് നിന്നും നീ പൂട്ടിവെച്ചതിനാല്‍
തുറക്കാനാവാതെ വീര്‍പ്പ് മുട്ടും
               *********
ഞാനിപ്പോള്‍ നിന്റെ ഓര്‍മകളുടെ
സഞ്ചരിക്കുന്ന ഒരു സ്മശാനമായി..!!
               *********
ഞാന്‍ ഒരു മുറിവ്
നീ നിലയ്ക്കാത്ത ഓര്‍മമഴ
               *********
നീറിക്കൊണ്ടിരുന്നിട്ടും
നിന്റെ നനവോര്‍മകള്‍...
അണകെട്ടി നിര്‍ത്തുന്ന
ഹൃദയമാണ് ഞാന്‍
               *********
ആ മഴയും പെയ്ത് തോര്‍ന്നു

ഒരാള്‍ പൊക്കം വെള്ളം
കുത്തിയൊലിച്ച് പോയി
               *********
ശൂന്യത , നിശ്ശബ്ദത, മൌനം
               *********
വേനല്‍ കടലിന്റെ അതിരിലേക്ക്
മഴ നോക്കി നോക്കി നീന്തണം
               *********
ഒറ്റയ്ക്കാവുക എന്നാല്‍
ആള്‍കൂട്ടത്തില്‍
നീ എന്നെ മാത്രം അവഗണിക്കുക
എന്നത് കൂടിയാണ്
               *********
നിന്റെ ചുംബനബാക്കി
തിരഞ്ഞിന്നലെയുറുമ്പുകള്‍
പുലരുവോളം കാത്ത് നിരാശരായി..!!
               *********
നീ ഒരു മഞ്ഞുതുള്ളി
എന്റെ ഉടലാകെ
ശിശിരകാലം പുതയ്ക്കുന്നു
               *********
നീ ഒരു പൂമ്പൊടി...
എന്റെ സിരകള്‍ തോറും
വസന്തം നടുന്നു
               *********
നീ ഒരു വേനല്‍
എന്റെ ഹൃദയമാകെ
ഗ്രീഷ്മകാലത്തീ പടര്‍ത്തുന്നു
               *********
നീ ഒരു വിഷാദം
എന്റെ ചിന്തയാകെ
ശരത്കാലമേഘമാക്കുന്നു
               *********
എത്ര തവണ നാടുകടത്തിയാലും
ഏതോ അദൃശ്യതുരംഗം വഴി
തിരിച്ചെത്തുന്ന ഓര്‍മകളാണ് നീ..!!
               *********
നീ എന്നെഴുതുമ്പോഴെല്ലാം
മഴ പെയ്യുന്നു
               *********
ആരാണ് നിന്നെയിങ്ങിനെ
മഴനൂലുകളില്‍ കോര്‍ത്തെടുക്കുന്നത്..!!
               *********
ഞാനയച്ച രണ്ട് ചുംബനങ്ങള്‍
നിന്റെ ജാലകവാതിലില്‍ തട്ടിത്തെറിച്ച്
ഉമ്മറത്ത് ചുണ്ട് പൊട്ടി കിടക്കുന്നു
               *********
നിന്നെയോര്‍ത്ത് അകാരണമായി
മരിച്ച് പോവുന്ന ദിനങ്ങള്‍..!!
               *********
പ്രണയത്തിലേക്ക് പരിവര്‍ത്തനം
ചെയ്ത് പോവുമോ എന്ന് ഭയപ്പെട്ട്
എന്റെ മുന്‍പില്‍ കണ്ണിമ പോലും
അനക്കാതിരിരുന്നൊടുവില്‍
നീയൊരു ശിലയാവുകില്‍...
നീയെന്നുരുകി വെണ്ണീറായി
ഞാന്‍ വെറുമൊരാത്മാവാകും
ഹൃദയത്തിലേക്കെന്റെ
ഉയിര്‍ നിറച്ച് ഞാന്‍ നിനക്ക് ജീവനാവും
               *********
പ്രണയം
എന്റെ ഹൃദയത്തില്‍ നിന്നും
നിന്റെ ഹൃദയത്തിലേക്ക് വലിച്ച് കെട്ടിയ
അദൃശ്യമായ വീണാ തന്ത്രികളാണ്...
നിന്റെ ഓരോ ഹൃദയ സ്പന്ദനങ്ങളും
എന്നില്‍ അടയാളപ്പെടുത്തുന്നു..!!
               *********
നിന്റെ ശ്വാസോച്ഛ്വാസഗതികള്‍ ഗണിച്ച്
നിന്റെ മൌനം പോലും വായിക്കാന്‍
ഞാന്‍ പഠിച്ചതില്‍ പിന്നെ
നമുക്കിടയില്‍ ഭാഷപോലും വേണ്ടാതായി...
               *********
നീയും ഞാനും ശ്വസിക്കുവോളം
നമ്മള്‍ പ്രണയഭാഷയിലേക്ക്
തര്‍ജ്ജമ ചെയ്യപ്പെട്ടിരിക്കുന്നു..!!
               *********
ഒരു വാക്കിന്റെ
ചുംബനം കൊണ്ടെന്നെ
മരണത്തില്‍ നിന്നുപോലും
പുനര്‍ജനിപ്പിക്കുന്നതും
               *********
ഒരു മൌനനീരസം കൊണ്ടെന്നെ
പലയാവര്‍ത്തി കൊല്ലുന്നതും
നീ തന്നെ പ്രണയമേ..!!
               *********
നിന്റെ കരളില്‍ നിന്നൊരു
മേഘക്കീറ് ഞാന്‍
വാങ്ങി വെച്ചിട്ടുണ്ട്
               *********
അത് കൊണ്ടാണ് ...
നീ കറുക്കുമ്പോഴെല്ലാം
ഞാന്‍ കൂടെ പെയ്യുന്നത്
               *********
നിന്റെ ഒരു ചെറു ചലനത്തിന്റെ
ഇലയനക്കം പോലും കടന്നുവരാത്ത
കറുത്ത സങ്കടത്തിന്റെ കാട്ടിലാണ് ഞാന്‍
               *********
നിനക്ക് തീറെഴുതിത്തന്ന
എന്നെ നീ എന്ത് ചെയ്തു
പകരം ഞാന്‍ വാങ്ങിയ നിന്റെ
വേദനകള്‍ക്കിവിടെ സുഖമാണ്
               *********
നിന്നെ കാണാതിരിക്കാന്‍ കണ്ണ് നിറയുന്നു
               *********
നിന്റെ ഓര്‍മകളെ
ഉരുക്കിയുരുക്കി
ഒരിക്കലും വറ്റാത്ത
ഒരു കുപ്പി മഷിയാക്കി ഞാന്‍

നിന്റെ ഓര്‍മകള്‍ മാത്രം
കുടിച്ച് ജീവിക്കുന്നൊരു
പേനയായി ഞാന്‍

നിന്നെ പാനം ചെയ്ത്
മിഴിയൊഴുകുമ്പോഴാണ്‌
കവിതകള്‍ വരയ്ക്കപ്പെടുന്നത്
               *********
ഓരോ മുറിവുകള്‍ക്കും
ഞാനിപ്പോള്‍ നിന്റെ പേരിടുന്നു
നിന്നെ സങ്കടപ്പെടുത്താതിരിക്കാന്‍
ഞാന്‍ വേദനിക്കാതിരിക്കുന്നു..!!
               *********
നിന്റെ ഓര്‍മകള്‍ ആരോ മോഷ്ടിച്ചിരിക്കുന്നു
               *********
പൊടുന്നനെ വന്ന് നീ
ഏത് സിരയിലാണ് തൊട്ട് പോയത്
ഹൃദയകമ്പനങ്ങളിനിയും
താളത്തിലെത്തുന്നതേയില്ല..!!
               *********
നിന്റെ ചുണ്ടുകള്‍ക്കിടയില്‍
എവിടയാണ് നീ
സദാ ചിറകടിച്ച് നില്‍ക്കുന്ന
ഒരു മഴത്തുമ്പിയെ
ഒളിപ്പിച്ച് വെച്ചിരിക്കുന്നത്...

നീ ചുംബിച്ച് പോവുമ്പോഴെല്ലാം
ഉള്ളില്‍ അത് നിലയ്ക്കാതെ ചിറകടിക്കുന്നു
               *********
വേനലില്‍
എത്രപൊള്ളി പിടഞ്ഞാലും
നീ ഒന്ന് പെയ്താല്‍ മതി
എന്നിലാകെ വസന്തം വരാന്‍
               *********
ഒരു തുള്ളി പ്രണയ ചഷകത്തിലുണ്ട്
ഒരായിരം കോപ്പ വീഞ്ഞിന്റെ ലഹരി
               *********
സ്വപ്നത്തില്‍ നീയെന്നെ
ഉമ്മ വെയ്ക്കുമ്പോഴെല്ലാം
എന്റെ ആത്മാവ് പിടയുന്നു
ഞാന്‍ ഉണര്‍ന്ന് എന്നെ തിരയുന്നു..!!
               *********
നീ പോവുമ്പോഴൊന്നും
ഞാന്‍ ഒറ്റയ്ക്കാവാറില്ല
               *********
നീ എന്നില്‍ ബാക്കിയാക്കിപോയ
ഇടത്തിലൊരു വേദന പൂക്കും...
നിറയെ ഓര്‍മകളുടെ മധുരം കായ്ക്കും
രാപ്പകലുകള്‍ ഞാനതിന് കീഴെ തീര്‍ക്കും
               *********
വേദനകള്‍ അത്മാവിലേക്കിറ്റുമ്പോള്‍
കവിതക്കുഞ്ഞുങ്ങള്‍ പിറക്കുന്നു
               *********
മഴയുടെ അറ്റത്തെ
തോര്‍ച്ചയോര്‍ത്ത്
വ്യാകുലപ്പെടുന്നു
               *********
നിന്നെകുറിച്ചെഴുതി
പ്രസിദ്ധപ്പെടുത്താത്ത
നോവുകളുടെ വരികളാണ്
എന്റെ ഹൃദയ അറകളിലെ
അലമാരയിലെ പുസ്തകങ്ങള്‍
               *********
വാക്കുകള്‍ കനംവെച്ച് കനംവെച്ച്
പെയ്യാന്‍ വെമ്പി നില്‍ക്കുമ്പോള്‍
അതിരുകളില്‍ നിന്നൊരു കാറ്റ് വരുന്നു
വാക്കുകളെ കൊത്തിയെടുത്ത് പറക്കുന്ന
ഒരായിരം തീ പക്ഷികള്‍ വരുന്നു...
വാക്കുകള്‍ പഴുക്കുന്നു
പ്രണയം ചുവക്കുന്നു
ചുംബനങ്ങള്‍ പൊള്ളാതിരിക്കാന്‍
ഞാന്‍ കടലില്‍ ചാടുന്നു..!