Wednesday, July 7, 2021

2017 - ആഗസ്ത് ....

നീ ഇനി വരേണ്ടതില്ലെന്ന്
ഞാൻ കൊട്ടിയടച്ച
നിന്റെ ഓർമ്മകളുടെ
താഴ്‌തുറക്കാതിരിക്കാമോ..!!

...........................................

നീ വിളിക്കുമ്പോള്
ഞാന് രാജ്യം ഉപേക്ഷിക്കുന്നു
നിന്നെ കണ്ടെത്താന്
ബുദ്ധനാവുന്നു..!!
...........................................
മണ്ണില് വീണുടയും
എന്നുറപ്പുണ്ടായിട്ട് പോലും
ഒരു മഴത്തുള്ളിയും
താഴേക്ക് പോരാതിരുന്നിട്ടില്ല..!!
...........................................
നീയും ഞാനും
ഓരോ വേദനമുകുളങ്ങള്
അന്യോന്യം തൊട്ട്
പൊട്ടിക്കുന്ന സംഹാരികള്‍..!!
..................................................
വിഷാദത്തിന്റെ
പക്ഷികള്
അടയിരിക്കുന്ന
ഒറ്റമരമാണ് ഞാന്‍..!!
......................................................
നീ അകന്ന് നിന്ന
അകലത്തോളം
ഞാന് അടുത്ത് നിന്നിരുന്നു..!!
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
നിന്നെ മൌനം
വിഴുങ്ങുമ്പോള്
ഞാന് എകാന്തതക്ക്
കാവല് നില്ക്കുന്നു..!!
..............................................................
ഒരു ചിറകടിയൊച്ച പോലും
നിശ്ശബ്ദമാക്കി നീ
ഏത് ദേശാടനത്തിലാണ്..!!
............................................................
ഇടക്ക് നീ ഇവിടെ ഉണ്ടെന്നും
ശബ്ദമില്ലാതെ
മിണ്ടിക്കൊണ്ടിരിക്കുകയാണെന്നും
എന്നെ ഒന്ന് തൊട്ടറിയിക്കണം..!!
......................................................................
നീ വരുന്നതോ
ഇല്ലാതാവുന്നതോ
കാണാതാവുന്നതോ
മിണ്ടാതിരിക്കുന്നതോ
ആയ ദിവസങ്ങള്‍
ചേര്‍ക്കപ്പെടാത്ത
ഒരു കലണ്ടറാണ്  ഞാന്‍..!!
....................................................
നീ എടുത്തുപോകയാല്
ശൂന്യമായ എന്റെ ഇടത്തിനെ
ഹൃദയം എന്ന് വിളിക്കുന്നു..!!
...............................................................
നിന്റെ മൗനം
മൊഴിമാറ്റം ചെയ്യുന്നു..!!
........................................................
പ്രിയങ്കരമായ
വേദനകള് പൂക്കുന്ന
ആത്മാവുകളില്
പ്രണയം വിശ്രമിക്കുന്നു..!!
........................................................
നീ നിന്നെ
മറന്ന് വെച്ച് പോയ
ഞാനിടങ്ങള്..!!
....................................................................
നിന്‍റെ രഥം പൂട്ടിയ കുതിരകള്‍
വഴിതെറ്റിയെങ്കിലും
നിനക്ക് ഞാന്‍ ചുമരെഴുതിയ
തെരുവിലൂടെ വരാനിടയായാല്‍
നീ അശ്വവേഗം കുറയ്ക്കുക
എന്റെ അക്ഷരങ്ങളില്‍ നിന്നും
ബാക്കിയുള്ള നിന്നെ പറിച്ചെടുത്ത്കൊള്‍ക
 
നിനക്ക് വെറുമൊരു ഞാനും
എനിക്ക് വെറുമൊരു നീയും മാത്രം
ബാക്കിയാവട്ടെ..!! 
....................................................................
എന്നെയും
നിന്നെയുമറിയാത്ത
ഒരു ദ്വീപിലേക്ക്
എന്റെ നീയില്ലാ
സങ്കടങ്ങളെയാകെ
നാട് കടത്തണം..!!
...................................................................
നീ എന്ന ഒന്നില്ലെന്നും
നീ ഉണ്ടായിരുന്നില്ലെനും
നീ ഇനി ഒരിക്കലും ഉണ്ടാവില്ലെന്നും
ഞാനെന്നോട് ആണയിടുന്നു..!!
..........................................................................
ഞാനെത്രയോ വട്ടം
വെട്ടിമാറ്റിയിട്ടും
വീണ്ടും വീണ്ടും
തളിര്‍ക്കുന്ന
ഓര്‍മമരമാണ് നീ

ഹൃദയത്തിന്‍റെ
ഏതാഴത്തിലാണ്
നിന്‍റെ തായ് വേര്
ഉടക്കിക്കിടക്കുന്നത്..!!
..........................................................................
ഞാന്‍ എന്‍റെ
കിനാവിന്‍റെ
അതിര്‍ത്തിയില്‍
നിര്‍ത്തിയിരുന്ന
കാവല്‍ക്കാരെ
പിന്‍വലിച്ചു

നിന്‍റെ സ്വപ്നത്തിന്‍റെ
നിഴല്‍പോലും
ആ വഴി വരുന്നില്ല..!!
...................................................................
മഴ പെയ്യുമ്പോഴെല്ലാം
ഞാന്‍ ഭൂമിയില്‍ തിരയാറുണ്ട്
നിന്‍റെ മൌനം മുളച്ച്
വാക്കായ ഒരുചെടിയെങ്കിലും..!!
...................................................................................
നിസാരമായ നിന്റെ
ഏതൊരു ഓർമക്കാറ്റിനും
പിടിച്ചുലയ്ക്കാവുന്ന
സങ്കടമരമാണിന്നുഞാൻ..!!
...........................................................................................
നിന്നെ
ഓര്‍ക്കുന്ന അത്രയും
ഞാനെന്നെ പോലും
ഓര്‍ത്തിട്ടില്ല

നിന്നെ മറക്കാന്‍
ശ്രമിക്കുന്ന അത്രയും
ഞാനൊന്നും മറക്കാന്‍
ശ്രമിച്ചിട്ടില്ല..!!
................................................................................
ഇറങ്ങിപ്പോവുമ്പോഴെല്ലാം
നീ കൂടെ കൊണ്ട് പോവാന്‍ മറക്കുന്ന
ഒരു നീയെപ്പോഴും
എന്നില്‍ ബാക്കിയാവുന്നു..!!
..........................................................................
അത്രമേല്‍ വേരാഴത്തില്‍
പോയതിനാലാണ്
പിഴുതെടുത്തപ്പോള്‍
അത്രയ്ക്കത്രയ്ക്ക് മുറിഞ്ഞത്..!!
.......................................................................
ഞാന്‍ കുടിച്ച്
വറ്റിയ സങ്കടപ്പാത്രം
ഉപ്പുണങ്ങുന്ന
നോവുപാടം..!!
.................................................................................
തനിച്ചാക്കിപ്പോയവര്‍
തനിച്ചായിപ്പോയവരെ
ഓര്‍ക്കുന്നേ ഉണ്ടാവില്ല

എന്നിട്ടും,
തനിച്ചായിപ്പോയവര്‍
തനിച്ചാക്കിപ്പോയവരെ
ഓര്‍ക്കാത്ത നിമിഷങ്ങളില്ല..!!
.......................................................................................
നിന്നെ പോലെ
എത്ര നീയുകളെയാണിപ്പോള്‍
എന്നെ പോലെ
ഞാന്‍ മാത്രം കാണുന്നത്..!!
..................................................................................
ഇറങ്ങിപ്പോവുമ്പോഴാരും
വാതിലടക്കാന്‍ മറക്കരുത്
തിരിച്ച് വന്നേക്കുമെന്ന്
പ്രതീക്ഷിച്ച് പോവും..!!
.............................................................................
ആ ചില്ല
വെട്ടി മാറ്റിയിരിക്കുന്നു
നമ്മള്‍ ഏറെ നേരം
നമ്മളെ കൈമാറിയിരുന്നത്
നിറയെ ചോരപ്പൂക്കള്‍
മരിക്കാതിനിയും
പൂത്ത് നില്‍ക്കട്ടെ..!!
.......................................................................
ഒറ്റയ്ക്കാവുമ്പോൾ മാത്രം
പൂക്കുന്ന പൂക്കളുണ്ട്
ഓർമകൾ ചാറി ചാറി
ചുവന്ന് പോകുന്നവ..!!
................................................................
ഋതുക്കളെത്ര
മാറി മാറി വന്നിട്ടും
പൂക്കാത്ത വാടാത്ത
കൊഴിയാത്ത
മരങ്ങളുണ്ട്
നീ തൊടുമ്പോൾ മാത്രം
തളിർക്കുന്നത്..!!
.................................................................
ഒരു പെരുമഴയ്ക്കും
കെടുത്തനാവാത്ത
തീക്കനലാണ് നീ..!!
................................................................
നോവിന്‍റെ
അഗാധഗര്‍ത്തങ്ങളുള്ള
ഒരു ശാന്തസമുദ്രമാണ് ഞാന്‍..!!
.................................................................................
കിനാവില്‍ വന്നിനിയെന്നെ
നീ ഉമ്മവെയ്ക്കരുത്
ഉണരുമ്പോള്‍
ഉമ്മകളാകെ പൊള്ളുന്നു..!!
................................................................................
എനിക്കൊരു നീ
ഉണ്ടായിരുന്നതേ ഇല്ല
നിനക്ക് ഞാനെപ്പോഴും
ഉണ്ടായിരുന്നു
എന്‍റെ എന്നെ
എനിക്ക് തന്നെ തിരിച്ച് തരണം..!!
..............................................................................
നീ നനച്ചിട്ട് പോയ വെയിലുകള്‍..!!
..................................................................................
നിനക്കിങ്ങിനെ
ചങ്കില്‍ വന്ന്
ചാറാതിരിക്കാമോ
ഞാനെത്രയോ വട്ടം
തുടച്ചതാണീ ചോരപ്പാടുകള്‍..!!
...................................................................................
നമ്മള്‍ മനോഹരമായ
ഒരു നുണയായിരുന്നു..!!
..............................................................................
എല്ലാ ഒര്‍മകളിലും
നിന്നെ മാത്രം
എങ്ങിനെയാണ് ഞാന്‍
മറന്ന് വെക്കുന്നത്..!! 
.........................................................................
മറവിയുടെ തുമ്പില്‍
എത്രവട്ടം
കെട്ടിത്തൂങ്ങിയതാണ് ഞാന്‍
നീ എന്നില്‍ മരിച്ച് പോയതേ ഇല്ല..!!
.....................................................................................
നിന്നെ പോലൊരു
നീ ഇല്ലായ്കയാല്‍
എന്നെ പോലൊരു
ഞാന്‍ ഇല്ലാതായിരിക്കുന്നു..!! 
................................................................................. 
അത്രയും ശൂന്യമാക്കപ്പെട്ട
ഹൃദയത്തിന്‍റെ തെരുവില്‍
നീ പച്ചകുത്തിയ നോവുകള്‍
ചുട്ടെടുക്കുന്നു..!!
.................................................................................
 
നിന്നോട് മിണ്ടില്ലെന്ന്
മുറിച്ചിട്ട കോലുകള്‍
ആരാണ് വന്നെപ്പഴും
ഒട്ടിച്ച് പോവുന്നത്..!!
........................................................
നീയില്ലായ്മയില്‍
നിന്നെ ഓര്‍ക്കുന്നയത്രയും
നീയുള്ളപ്പോള്‍
നിന്നെ ഓര്‍ത്തിരുന്നേയില്ല..!!
..............................................................
എന്‍റെ അലസമനക്കാടുകളില്‍
നിനക്കൊരു സങ്കടപ്പൂപോലും
വിരിയാത്ത വേനല്‍ വേവുന്നു..!!
............................................................

No comments:

Post a Comment