നീ വരാതിരിക്കാന്‍
അതിരുകളിലെല്ലാം
ഞാന്‍ കാവല്‍ക്കാരെ
നിര്‍ത്തുന്നു
ഞാനറിയാതെ
ഞാനവരെ സ്വാധീനിക്കുന്നു
നിനക്ക് യഥേഷ്ടം
എന്നിലേക്ക് വന്ന് പോവാന്‍
പാതയൊരുക്കുന്നു..!!
............................................................
ഇനിയും കാത്തിരിക്കാന്‍
കൊമ്പില്ലാത്ത മരത്തില്‍
നിന്നെ മറന്നിരിക്കുന്നു..!!
..................................................
പ്രിയപ്പെട്ടവളേ,
നിന്റെ മൌനത്തിന്‍റെ ശബ്ദം
എത്ര ഉച്ചത്തിലാണ്.
എനിക്കിപ്പോള്‍
നിന്നെയല്ലാതെ മറ്റൊന്നും
കേള്‍ക്കാനാവുന്നില്ല..!!
....................................................
നിന്റെ ഓര്‍മകളുടെ അറ
ഞാന്‍ തീയിട്ടിരിക്കുന്നു..!!
.....................................................
നീയെന്ന് ഞാനെന്നേ
മരിച്ച് പോയതാണ്
ഞാനെന്ന് ഞാനിതുവരെ
ജീവിച്ചതേയില്ലല്ലോ..!!
...........................................................
ഒരു പേരിന്
ഒരു ചിരിക്ക്
ഒരു വാക്കിന്
ഒരോര്‍മപ്പൊട്ടിനു പോലും
തകര്‍ക്കാവുന്ന തരത്തില്‍
നീയെന്നെ ചുട്ടെടുത്തു
മൗനത്തിന്റെ
ഉപേക്ഷിക്കലിന്റെ
പച്ചവെള്ളത്തില്‍
എന്നെ മുക്കിയെടുക്കുക
ഞാനുടയാത്തൊരിരുമ്പാവട്ടെ..!!
....................................................................
നിന്റെ മാത്രം ഓര്‍മകളെ
വലിച്ച് പുറത്തിടാന്‍
ഞാന്‍ ആളെ വെച്ചതായിരുന്നു
അവര്‍ക്ക് പിടികൊടുക്കാത്ത വണ്ണം
ഏത് ഓര്‍മ ഞരമ്പിന്‍ വേരിലാണ്
നീ ഒളിച്ചിരിക്കുന്നത്..!!
.....................................................................
എത്രയോ തവണ
നീയെന്നെ ഉപേക്ഷിച്ചിട്ടുണ്ട്
പിന്നെയും പിന്നെയും
ഞാന്‍ തന്നെയാണ്
എന്നെ കണ്ടെടുത്തത്
ഇനി ഞാന്‍ തന്നെ
എന്നെ ഉപേക്ഷിക്കുന്നു
നീയോ ഞാനോ എന്നെ
കണ്ടെടുക്കേണ്ടതില്ല..!!
..................................................................
ഞാനില്ലാത്ത എന്‍റെ
നീയോര്‍മക്കാടുകളില്‍
നീയില്ലാത്ത
ഒരുമരച്ചില്ല തേടുന്നു ഞാന്‍..!!
....................................................................
എന്‍റെ കടലില്‍ നിന്ന്
നിന്‍റെ നദിയിലേക്കെന്നെ
മാറ്റിപാര്‍പ്പിച്ചത്
ഞാന്‍ തന്നെയായിരുന്നു
നീ വറ്റുമെന്ന് ഞാന്‍
കരുതിയിരുന്നതേയില്ല
എന്നിട്ടും നീയുള്ളത് പോലെ
ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു..!!
........................................................................
നീയില്ലെന്ന്
നീ നട്ടമുറിവുകള്‍
ഞാനുമില്ലെന്ന്
ഞാന്‍ നനക്കുന്നു
നിറയെ ചോരപ്പൂവുകള്‍
നിറയെ സങ്കടത്തളിരുകള്‍
ഞാനും നീയുമില്ലെന്ന്
കണ്ണ് നനക്കുന്നു..!!
....................................................................
നീ തീയിട്ടുപോയത്
എത്ര പെരുമഴകള്‍
പെയ്ത്പോയിട്ടും
കെടാതിരിക്കുന്നു
നീ മാത്രമൊന്നു ചാറിയാല്‍
കെടുന്നൊരു കാട്ടുതീയാണു ഞാന്‍..!!
.........................................................................
നീ ഒരു രാജ്യമാണ്
അതിരുകളില്‍
പൂകൊണ്ട് വേലികെട്ടി
അനേകം പൂമ്പാറ്റകളെ
കാവല്‍ നിര്‍ത്തിയിരിക്കുന്ന രാജ്യം..!!
......................................................................
നീ പെയ്ത് പെയ്ത്
ഓര്‍മമരമായവന്‍ ഞാന്‍
ഏതൊരു കാറ്റലയ്ക്കും
പിടിച്ചുലയ്ക്കാവുന്നത്,
തൊടുമ്പോഴേക്കും
ഓര്‍മപ്പൂക്കള്‍ കൊഴിയുന്നത്..!!
.............................................................................
നീ അടച്ച് പോയ
അതിരുകളില്‍
ഞാനെത്രയോ നേരം
കാത്തിരുന്നിരുന്നു
നീ തുറക്കാത്ത
അതിരുകള്‍ക്ക്
ഞാന്‍ തീയിട്ടു
ഇപ്പോള്‍ ഞാന്‍
അതിരുകളില്ലാത്ത
അരുതുകളില്ലാത്ത രാജ്യത്തെ
കാവല്‍ക്കാരനാണ്..!!
......................................................................
നീ വരേണ്ടതില്ലെന്ന്
വാതില്‍ ചാരി
നിന്നെ മാത്രം
ഓര്‍ത്തിരിക്കുന്നു..!!
....................................................................
നിറയെ സങ്കടങ്ങള്‍
വീണു പൊതിഞ്ഞ
ചുവന്ന ഒറ്റയടിപ്പാത
ശൂന്യമായൊരു
തുരങ്കത്തിലേക്ക് നീളുന്നു..!!
..................................................................
നീയില്ലായ്മയില്‍
ഞാനിറങ്ങിപ്പോയ
കാടുകള്‍
താഴ്വാരങ്ങള്‍
പുഴകള്‍
കടലുകള്‍
ഗുഹാന്തര്‍ഭാഗങ്ങള്‍
എല്ലാം ചോത്ത് ചോത്ത്
മുറിവായിരിക്കുന്നു..
എങ്കിലും
ഞാനിനിയും കയറിവരാതെ
പലായനം ചെയ്യുന്നു..!!
.....................................................................
നീ വന്ന് വെയിലു ചാറി
എന്നെ പകലാക്കിയിരുന്നു
ചുംബിച്ച് ചുംബിച്ച്
സന്ധ്യ ചോപ്പിച്ചിരുന്നു
നിലാവുപെയ്യിച്ച്
രാവാക്കിയിരുന്നു
ഉടലുടല്‍ പുതച്ച്
ഉന്മാദിയാക്കിയിരുന്നു
ഹൃദയത്തില്‍ മയങ്ങി
നിദ്രയാക്കിയിരുന്നു
നമ്മള്‍ തമ്മില്‍ ഉപേക്ഷിച്ച്
എനിക്കിപ്പോള്‍ ഞാനില്ലാതായി..!!
.......................................................................
നിനക്ക്
ഒളിച്ച് കടത്താനാവാത്തത്രയും
പ്രണയപുഷ്പങ്ങള്‍
ഹൃദയത്തില്‍ സൂക്ഷിക്കാനാവില്ല
അധരങ്ങളില്‍ എന്‍റെ ശലഭങ്ങള്‍
അവ കണ്ടെത്തുക തന്നെ ചെയ്യും..!!
..................................................................
ഞാന്‍ നിന്നെ
നിന്‍റെ നീലാകാശത്തിലേക്ക്
സ്വതന്ത്രമാക്കുന്നു എന്നാല്‍
ഞാന്‍ എന്നെ കൂടി
ഉപേക്ഷിക്കുന്നു
ഞാന്‍ നീ എന്നൊരോര്‍മ മാത്രമാവുന്നു..!!
.........................................................................................
നീയില്ലെന്ന്
സങ്കടം പറയുന്ന
ഒരായിരം മൌനങ്ങള്‍ കൊണ്ട്
ഞാനെന്നെ ബന്ധിച്ചിരിക്കുന്നു..!!
.......................................................
നീയെന്ന ഭ്രാന്തുകള്‍
നട്ട് നനച്ചതും
പൂത്ത് കായ്ച്ചതും
ഋതുക്കള്‍ മാറിയപ്പോള്‍
കൊഴിഞ്ഞതും
വസന്തം കാത്തിരുന്നതും
ശിശിരത്തില്‍ തന്നെ
കഴിയാന്‍ കൊതിച്ചതും
എല്ലാം എല്ലാം
ഞാന്‍ ഞാന്‍ ഞാനൊരാള്‍
മാത്രമാണ്..!!
................................................................
നിന്‍റെ
എന്നോടുള്ള മൗനങ്ങള്‍
ആരോ ആകാശത്ത് നട്ടത്
വളര്‍ന്നെന്നെകാണാന്‍
വന്നതാണീ തോരാമഴ..!!
..................................................................
ഒന്നുമ്മവെയ്ക്കാതെ
വസന്തങ്ങള്‍ സമ്മാനിച്ച
പ്രണയ ശലഭമേ..😍
...............................................................
നീ ഒന്ന് ചാറിയാല്‍ മതി
ഞാനൊരു പെരുമഴ നനയാന്‍..😍
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
നീ എന്ന് കേള്‍ക്കുമ്പോഴേക്കും
ഭൂകമ്പമുണ്ടാവുകയും
തുടര്‍ ചലനങ്ങള്‍
ആവര്‍ത്തിക്കുകയും ചെയ്യാന്‍
എപ്പോഴായിരുന്നു നീയെന്നില്‍
ഭൂകമ്പപ്രഭവകേന്ദ്രം നട്ട് പോയത്..!!
.........................................................................